/indian-express-malayalam/media/media_files/uploads/2018/03/facebook.jpg)
കാലിഫോര്‍ണിയ : ഫെയ്സ്ബുക്കിന്റെ ചാറ്റ് ആപ്ലിക്കേഷനായ മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ കമ്പനി പരിശോധിക്കാറുണ്ട് എന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. മെസഞ്ചറില്‍ ഉപഭോക്താക്കള്‍ ഫ്ലാഗ് ചെയ്യുന്നതായ മെസേജുകള്‍ കമ്പനിയുടെ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഇല്ലായെങ്കില്‍ അത് ബ്ലോക്ക് ചെയ്യുകയോ എടുത്ത് കളയുകയോ ചെയ്യും. അമേരിക്കന്‍ മാധ്യമമായ വോക്സിന് നല്‍കിയ അഭിമുഖത്തില്‍ സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.
മെസഞ്ചര്‍ ആപ്പുകള്‍ വഴി ആളുകള്‍ സെന്‍സേഷനലായ മെസേജുകള്‍ അയക്കുന്നതായ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് പറയുന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗ് അത്തരം സാഹചര്യങ്ങളില്‍ തങ്ങളുടെ സിസ്റ്റം മെസേജ് കണ്ടെത്തുകയും അത് തടയുകയും ചെയ്യുന്നതായും പറഞ്ഞു.
മെസഞ്ചര്‍ വഴി കൈമാറുന്ന ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോ എന്നിവയാണ് ഫെയ്സ്ബുക്ക് പരിശോധിക്കുന്നത്. ഇതിന് പുറമെ ലിങ്കുകള്‍ വയറസ് ആണോയെന്നും പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട് എന്ന് ഫെയ്സ്ബുക്ക് ഉടമ സമ്മതിക്കുന്നു.
ഫെയ്സ്ബുക്ക് സര്‍വീസിന്റെ ഭാഗമായ മെസഞ്ചര്‍ 2014ലാണ് മറ്റൊരു സര്‍വീസ് ആയി മാറ്റുന്നത്. ചാറ്റിങ് ആപ്ലിക്കേഷനായ വാട്സാപ്പും ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലാണ് എങ്കിലും അത് മറ്റൊരാള്‍ക്ക് കടന്നു കയറാന്‍ സാധിക്കാത്ത വിധം എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മെസഞ്ചറിന്റെ മൊബൈല്‍ സേവനത്തിലും ഇതേ ഓപ്ഷന്‍ കൊണ്ടുവന്നിട്ടുണ്ട് എങ്കിലും അത് ഉപഭോക്താവ് ഓണ്‍ ചെയ്യേണ്ടതുണ്ട്.
കേംബ്രിഡ്ജ് അനലറ്റിക്ക ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായ വാര്‍ത്തയ്ക്ക് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അതികായരായ ഫെയ്സ്ബുക്ക് സംശയത്തിന്റെ നിഴലിലാകുന്നത്.
തങ്ങളുടെ 'കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്' അനുശാസിക്കുന്നതും ഉപഭോക്താക്കള്‍ സമ്മതിച്ചതുമായ കാര്യം മാത്രമാണ് സന്ദേശങ്ങള്‍ പരിശോധിക്കുന്നത് വഴി തങ്ങള്‍ ഉറപ്പുവരുത്തുന്നത് എന്ന് ഫെയ്സ്ബുക്ക് പറയുമ്പോഴും കടുത്ത സ്വകാര്യതാ ലംഘനമാണ് ഫെയ്സ്ബുക്കിന്റെത് എന്ന വിമര്‍ശനവും ഉയരുന്നു..
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.