ചെന്നൈ: മെര്‍സലിനെതിരെ വിമര്‍ശനം ഉന്നയിച്ച ബിജെപി തമിഴ്‌നാട് സംസ്ഥാന ഘടകത്തിനെതിരെ ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ) രംഗത്ത്. ‘തമിഴ്നാടിനെ ഉത്തരകൊറിയ ആയാണ് ബിജെപി കാണുന്നതെന്നും എല്ലാ സിനിമകളിലേയും മുഴുവന്‍ രംഗങ്ങളും പരമോന്നത നേതാവിന്റെ (ബിജെപി) അംഗീകാരം കിട്ടിയാല്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന രീതിയിലാണ് പ്രവര്‍ത്തനം’ എന്നും ഡിഎംകെ വക്താവ് മനു സുന്ദരം വ്യക്തമാക്കി. അതുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ഇവര്‍ക്ക് ധാരണ ഇല്ലാത്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപി തമിഴ്‌നാട് സംസ്ഥാന നേതാവ് തമിഴരസി സൗന്ദര്‍രാജന്‍ കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിപ്പിച്ചത്.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ഈ സിനിമയിലൂടെ ചെയ്യുന്നത് എന്നായിരുന്നു തമിഴരസിയുടെ ആരോപണം. എന്നാല്‍ സിനിമ കണ്ടതിന് ശേഷമല്ല നേതാവിന്റെ ഈ ആരോപണമെന്നതാണ് രസകരമായ വസ്തുത.

‘ഞാന്‍ സിനിമ കണ്ടിട്ടില്ല. എന്നാല്‍ ധാരാളം ഘടനാപരമായ തെറ്റുകള്‍ ഈ സിനിമയില്‍ സംഭവിച്ചിട്ടുണ്ട് എന്നായിരുന്നു കണ്ടവരെല്ലാം പറഞ്ഞത്. ഈ സിനിമ കണ്ടവരെല്ലാം ജിഎസ്ടിയെക്കുറിച്ച് തെറ്റായ വിവരം ജനങ്ങളിലെത്തുമെന്ന് അഭിപ്രായപ്പടുന്നു.” തമിഴരസി പറയുന്നു.

അതേസമയം, ചിത്രത്തെ പിന്തുണച്ച് വിജയ്‌യുടെ പിതാവും സിനിമാ പ്രവര്‍ത്തകനുമായ എസ്.എ.ചന്ദ്രശേഖര്‍ രംഗത്തെത്തി. എല്ലാവർക്കും അഭിപ്രായപ്രകടനത്തിനുളള സ്വാതന്ത്ര്യം ഉണ്ടെന്നും എന്തിനാണ് അനാവശ്യ ശബ്ദം ഉയരുന്നതെന്നും അദ്ദേഹം ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ വന്ന് അംഗീകാരം കിട്ടിയ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഭരണ പാര്‍ട്ടി എന്തിനാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലീന ഇന്ത്യയിലെ വിവിധ പ്രശ്നങ്ങളില്‍ മെർസൽ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജിഎസ്ടി ഉള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ ക്യംപെയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ