ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടരാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുമിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഒമിക്രോണ്‍ ബാധിച്ച് നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ ശേഷിയെ വൈറസ് മറികടക്കുമൊ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ‘റിസ്‌ക്’ പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍.
യുകെ ഉള്‍പ്പെടെ യൂറോപ്പില്‍നിന്നും മറ്റു 11 ‘റിസ്‌ക്’ രാജ്യങ്ങളില്‍നിന്നും എത്തുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയ്ക്കു വിധേയമാകണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം.
യുകെ ഉള്‍പ്പെടെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളും കൂടാതെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഹോങ്കോങ, ഇസ്രായേല്‍ എന്നീ 11 രാജ്യങ്ങളാണു ‘റിസ്‌ക്’ പട്ടികയിലുള്ളത്.
‘റിസ്‌ക്’ രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തില്‍ അഞ്ച് ഘട്ട നടപടിയാണ് ആരോഗ്യ മന്ത്രാലയം തയാറാക്കിയിരിക്കുന്നത്.
- ‘റിസ്‌ക്’ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ എത്തിച്ചേരുന്ന സമയത്ത് കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കണം. ഫലം ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ വിമാനത്താവളത്തില്‍നിന്നു പുറത്തുപോകുകയോ കണക്റ്റിങ് ഫ്ളൈ റ്റില്‍ സഞ്ചരിക്കുകയോ ചെയ്യാവൂ.
- പരിശോധനാഫലം നെഗറ്റീവാണെങ്കിലും ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അടുത്ത ഏഴ് ദിവസം ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കണം.
- വിമാനത്താവളത്തിലെ പരിശോധനയില്‍ ഫലം പോസിറ്റീവാകുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി ഐഎന്‍എസ്എസിഒജി ലബോറട്ടറിയിലേക്ക് അയയ്ക്കണം.
- ഇത്തരം യാത്രക്കാരെ പ്രത്യേക ഐസൊലേഷന്‍ സൗകര്യത്തിലേക്ക് അയയ്ക്കുകയും സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സിക്കുകയും ചെയ്യണം.
- പോസിറ്റീവ് കേസുകളില്‍ സമ്പര്‍ക്ക ബാധിതരെ കണ്ടെത്തി ഇന്‍സ്റ്റിറ്റ്യൂഷണല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈനിലേക്കും മാറ്റണം. ഇവരെ പ്രോട്ടോക്കോള്‍ അനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കണം.
ഹോം ക്വാറന്റൈനിലോ സ്വയം ആരോഗ്യ നിരീക്ഷണത്തിലോ ഉള്ള യാത്രക്കാരില്‍ രോഗലക്ഷണങ്ങളോ വീണ്ടും പരിശോധന നടത്തുമ്പോള്‍ പോസിറ്റീവാണെന്നോ കണ്ടെത്തിയാല്‍, അവര്‍ ഉടന്‍ തന്നെ സ്വയം ഐസൊലേറ്റ് ചെയ്ത് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
‘റിസ്‌ക്’ പട്ടികയിലുള്ളത് ഒഴികെയുള്ള രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധനയുടെ കാര്യത്തിലും ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇത്തരം രാജ്യങ്ങളില്‍നിന്നു വരുന്ന ഒരു വിമാനത്തിലെ മൊത്തം യാത്രക്കാരുടെ അഞ്ച് ശതമാനം പേര്‍ക്കു വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധനയ്ക്ക് ഉറപ്പാക്കാനാണു നിര്‍ദേശം.
ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വിസ് പുനരാരംഭിക്കുന്ന തിയതി പുതിയ സാഹചര്യം കണക്കിലെടുത്ത് അവലോകനം ചെയ്യാനാണു കേന്ദ്രത്തിന്റെ തീരുമാനം. 21 മാസത്തെ ഇടവേളയ്ക്കു ശേഷം ഡിസംബര്‍ 15 മുതല്‍ ഷെഡ്യൂള്‍ഡ് വിമാന സര്‍വിസ് പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു.
അതേസമയം, ഒമിക്രോണ്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുള്ളതോ കൂടുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നതോ ആണെന്നു സംബന്ധിച്ച് കൃത്യമായ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
Also Read: ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈയിലെത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തില്‍