ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി ഒരുക്കങ്ങള്‍ ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലെയും ചമണ്ഡിഗഡിലെ കേന്ദ്രഭരണ പ്രദേശത്തേയും തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി പാര്‍ട്ടി നേതാക്കളെ നിയോഗിച്ചു. നിര്‍ണായകമായ 80 ലോക്സഭാ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടുന്ന ഉത്തര്‍പ്രദേശില്‍ മൂന്ന് പേരെയാണ് ബിജെപി ചുമതലപ്പെടുത്തിയത്. ബിഎസ്പിയും എസ്പിയും വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്ന യുപിയില്‍ ഗോവര്‍ദ്ധന്‍ ജദപിയ, ദുശ്യന്ത് ഗൗതം, നരോട്ടം മിശ്ര എന്നിവരെയാണ് ചുമതല ഏല്‍പ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിച്ച രാജസ്ഥാനില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും മുതിര്‍ന്ന നേതാവ് സുഭാന്‍ഷു ത്രിവേദിയും ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതല വഹിക്കും. മധ്യപ്രദേശില്‍ സാവന്ത്ര ദേവ് സിങ്ങിനും സതീഷ് ഉപാധ്യയയ്ക്കും ആണ് ചുമതല. 15 വര്‍ഷത്തിന് ശേഷം ഭരണം നഷ്ടപ്പെട്ട ചത്തീസ്ഗഢില്‍ അനില്‍ ജെയിന്‍ തിരഞ്ഞെടുപ്പ് നേതൃത്വം നല്‍കും.
മണിപ്പൂരിലും നാഗാലാന്റിലും പാര്‍ട്ടി വക്താവ് നളിന്‍ കോഹ്ലിക്കാണ് ചുമതല. ഗുജറാത്തില്‍ ചുമതല ഓം പ്രകാശ് മാതൂറിനാണ്. കേരളത്തില്‍ നിന്നുളള മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയും ആയ വി മുരളീധരനും ദിയോധാര്‍ റാവുവും ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കും.
ഒഡിഷ-അരൂപ് സിങ്, പഞ്ചാബിലും ചണ്ഡിഗഡിലും- ക്യാപ്റ്റന്‍ അഭിമന്യു, ഉത്തരാഖണ്ഡ്- തവര്‍ചന്ദ് ഗേലോട്ട്, നിതിന്‍ നവീന്‍- സിക്കിം, തിര്‍ത്ത് സിങ് റാവത്ത്- ഹിമാചല്‍പ്രദേശ്, അരവിന്ദ് ലിംബവോലി- തെലങ്കാന. കേരളത്തിന്റെ ചുമതല ആര്‍ക്കാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.