/indian-express-malayalam/media/media_files/QILN1TcGkykaameQ2IeR.jpg)
ഫയൽ ചിത്രം
ഡൽഹി: ഇന്ത്യക്കെതിരെ വിദേശ രാജ്യങ്ങളിലടക്കം നടക്കുന്ന വിഘടന വാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . തീവ്രവാദികൾക്കും വിഘടനവാദികൾക്കും ഒരു കാരണവശാലും ഇടം നൽകാൻ ഒരു രാജ്യങ്ങളും തയ്യാറാവരുതെന്ന് ജയശങ്കർ പറഞ്ഞു. അമേരിക്കയിൽ കാലിഫോർണിയയിൽ ക്ഷേത്രത്തിന്റെ മതിലുകളിൽ ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തെ മുൻനിർത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ക്ഷേത്ര മതിൽക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യാവിരുദ്ധ പരാമർശങ്ങളെ വളരെ ഗൗരവകരമായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
തീവ്രവാദികൾക്കും വിഘടനവാദികൾക്കും ഒരിക്കലും ആരും ഇടം നൽകരുത്. ഞങ്ങളുടെ കോൺസുലേറ്റ് സർക്കാരിലും പോലീസിലും പരാതി രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിഫോർണിയയിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിലെ ചുവരുകൾ വെള്ളിയാഴ്ചയാണ് ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ക്ഷേത്രത്തിന് പുറത്തുള്ള ഒരു സൈൻപോസ്റ്റിൽ 'ഖലിസ്ഥാൻ' എന്ന വാക്കിനൊപ്പം മറ്റ് വിദ്വോഷ പരാമർശങ്ങളും സ്പ്രേ-പെയിന്റ് ചെയ്തതായി കാണാം.
#WATCH | On Swami Narayan temple in Newark, US defaced with pro-Khalistani slogans, EAM Dr S Jaishankar says, "I have seen it. Extremists, separatists and such forces should not be given space. Our Consulate there complained to the government and the police and an inquiry is… pic.twitter.com/dfEzsfeeT8
— ANI (@ANI) December 23, 2023
സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തെ ശക്തമായി അപലപിച്ചു. സംഭവം ഇന്ത്യൻ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുന്നു. വിഷയത്തിൽ ദ്രുതഗതിയിലുള്ള അന്വേഷണത്തിനും കുറ്റക്കാർക്കെതിരെ യുഎസ് ഉടനടി നടപടിയെടുക്കാനും യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോൺസുലേറ്റ് ജനറൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
അക്രമം, സ്വത്ത് നാശം, ഭീഷണിപ്പെടുത്തൽ,വിദ്വേഷം, പക്ഷപാതം എന്നിവ അടങ്ങുന്ന മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കേസ് റെജിസ്റ്റർ ചെയ്തതതായി നെവാർക്ക് പൊലീസ് പറഞ്ഞു. വിഷയത്തെ വളരെ ഗൗരവകരമായാണ് കാണുന്നതെന്നും കർശ്ശന നടപടിയുണ്ടാവുമെന്നും പൊലീസ് വ്യക്തമാക്കി.
ജൂലൈയിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണത്തിനിരയായിരുന്നു. കോൺസുലേറ്റ് ആക്രമിച്ച വിഘടനവാദികൾ നയതന്ത്ര കേന്ദ്രത്തിന് തീയിടാൻ ശ്രമിച്ചിരുന്നു. യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ഈ വർഷം ഒന്നിലധികം ക്ഷേത്രങ്ങൾക്ക് നേരെയും വിഘടനവാദികളുടെ ആക്രമണം നടന്നിരുന്നു.
ന്യൂയോർക്കിൽ ഖലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിന് ഒരു ഇന്ത്യൻ പൗരനെ കുറ്റക്കാരനാക്കി ആഴ്ചകൾക്ക് ശേഷമാണ് സംഭവം. അതേ സമയം പന്നൂനിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായി ചെക്ക് റിപബ്ലിക്കിൽ തടവിൽ കഴിയുന്ന നിഖിൽ ഗുപ്തയുടെ യു എസ് കൈമാറ്റ കാര്യത്തിലടക്കം ഇടപെടാൻ ഇന്ത്യ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാലിഫോർണിയയിലെ ക്ഷേത്രത്തിന് നേരെയുണ്ടായിരിക്കുന്നു അതിക്രമമെന്നതും ശ്രദ്ധേയമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.