ചെന്നൈ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എന്ന വകുപ്പ് അസാധുവാക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള നടപടി ജനാധിപത്യത്തിന് എതിരായ ആക്രമണമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

‘ഇത് അങ്ങേയറ്റം പിന്തിരിപ്പനും സ്വേച്ഛാധിപത്യപരവുമായ നടപടിയാണ്. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവയ്ക്ക് ഒരു ഉത്ഭവമുണ്ട്. ഏത് മാറ്റവും മറ്റുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകണം,’ മക്കള്‍ നീതി മയം പ്രസിഡന്റ് കമല്‍ഹാസന്‍ പറഞ്ഞു.

പ്രതിപക്ഷവുമായി ആലോചിക്കാതെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എഴുത്ത് നടപ്പിലാക്കുകയാണെന്നും വോട്ടിന് മുമ്പായി ആവശ്യമായ ചര്‍ച്ചകളോ സൂക്ഷ്മ പരിശോധനയോ നടക്കുന്നില്ലെന്നും കമല്‍ഹാസന്‍ ആരോപിച്ചു. തീരുമാനങ്ങൾ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് സര്‍ക്കാരിന്റേതെന്നും കമല്‍ഹാസന്‍ വിമര്‍ശിച്ചു.

Read More: ജമ്മു കശ്മീർ പ്രമേയവും ബില്ലും ഇന്ന് ലോക്‌സഭയിൽ

ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക ഭരണഘടനാ പദവികള്‍ റദ്ദാക്കാനും അതുവഴി അര്‍ദ്ധ സ്വയംഭരണ പദവി ഇല്ലാതാക്കാനും മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തെ ഫെഡറല്‍ ഭരണത്തിലുള്ള രണ്ട് പ്രദേശങ്ങളായി വിഭജിക്കാനുമുള്ള നീക്കമാണ് സര്‍ക്കാര്‍ തിങ്കളാഴ്ച നടത്തിയിരിക്കുന്നത്.

ഇതുവരെ ജമ്മു കശ്മീരിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി സമന്വയിപ്പിക്കുക, ഭീകരതയെ ചെറുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് ദൂരവ്യാപകമായ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. ‘ജനാധിപത്യത്തെ കൊല ചെയ്തു’ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ നീക്കത്തെ വിശേഷിപ്പിച്ചത്.

പ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും ഇന്ന് ലോക്‌സഭയിൽ നടക്കും. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് തന്നെ പിന്തുണ ലഭിക്കുന്നതും കോൺഗ്രസിലും രണ്ട് അഭിപ്രായം ഉള്ളതും സർക്കാരിന് ഗുണകരമാണ്. കോൺഗ്രസ്, സിപിഐ, സിപിഎം, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ജെഡിയു എന്നീ പാർട്ടികളാണ് ബില്ലിനെ എതിർക്കുന്നത്. ബിഎസ്‌പി, ടിഡിപി പാർട്ടികൾ ബില്ലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ജമ്മു കശ്മീരിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജമ്മു സർവകലാശാലയടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും പ്രവർത്തിക്കില്ല.നിരോധനാജ്ഞ തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കിയ കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വീടുകളില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. രാജൗരി, ഉദംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook