ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ലെന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്റർ വഴി നടത്തിയ പ്രസ്താവനകളുടെ പേരിൽ കോടതിയലക്ഷ്യ നടപടികൾ നേരിടുന്ന പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘തുറന്നു പറച്ചിലുകളായാലും എതിരഭിപ്രായങ്ങളായാലും അപ്രിയകാര്യങ്ങളായാലും ഒരാളുടെ അഭിപ്രായ പ്രകടനത്തെ കോടതിയലക്ഷ്യമായി കാണാന്‍ കഴിയില്ല,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ജൂൺ 27 നും ജൂൺ 29 നും നടത്തിയ ട്വീറ്റുകൾ സംബന്ധിച്ച് ഭൂഷണും ട്വിറ്ററിനും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നൽകിയിരുന്നു. അവർ “നീതിയുടെ ഭരണകൂടത്തെ അപമാനിച്ചു” എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.

Read More: അമിത് ഷായ്ക്ക് കോവിഡ് ബാധിക്കാന്‍ കാരണം മോദി; പ്രധാനമന്ത്രി സനാതന ധര്‍മ്മം ലംഘിച്ചു: ദ്വിഗ് വിജയ് സിങ്‌

ജൂൺ 29നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ബൈക്കില്‍ ഇരിക്കുന്ന ചിത്രം പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.

“കഴിഞ്ഞ മൂന്നു മാസത്തിലേറെയായി കോടതിയുടെ ഭൗതികേതര പ്രവര്‍ത്തനങ്ങളില്‍ എനിക്കുള്ള
ദുഃഖം പങ്കുവെക്കാനാണ്. രാജ്യത്ത് തടവില്‍ കഴിയുന്നവര്‍, നിരാലംബരായവര്‍, ദരിദ്രര്‍, തുടങ്ങി മൗലീകാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിരവധി പേരെ അഭിസംബോധന ചെയ്യാന്‍ കോടതി തയ്യാറാവുന്നില്ല എന്നത് തന്നെ ദുഃഖത്തിലാഴ്ത്തുന്നത് കാണിക്കാനാണ് അത്തരമൊരു ട്വീറ്റ് ചെയ്തത്,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

“കഴിഞ്ഞ ആറ് വർഷത്തിനിടയിൽ രാജ്യത്തെ അവസ്ഥയെക്കുറിച്ചും സുപ്രീം കോടതിയുടെ പങ്കിനെക്കുറിച്ചുമുള്ള എന്റെ ആത്മാർത്ഥമായ അഭിപ്രായമാണ് ആ ട്വീറ്റ്,” ജൂൺ 27 ലെ ട്വീറ്റിനെ കുറിച്ച് അദ്ദേഹം വാദിച്ചു.

“ജുഡീഷ്യറി ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ഈ രാജ്യത്തെ പൗരന്മാർക്കും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു എന്നത് ഒരു ജനാധിപത്യത്തിന്റെ സത്തയാണ്. ഈ സ്ഥാപനത്തെ പരിഷ്കരിക്കുന്നതിനായി, അതേക്കുറിച്ച് സ്വതന്ത്രമായും ന്യായമായും ചർച്ച ചെയ്യാനും പൊതുജനാഭിപ്രായം ക്രമീകരിക്കാനും അവർക്ക് എല്ലാ അവകാശവുമുണ്ട്. എന്റെ വിമർശനം തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും അത് ശ്രദ്ധാപൂർവ്വം ഏറ്റവും ഉയർന്ന ഉത്തരവാദിത്തബോധത്തോടെയാണ് നടത്തിയതെന്ന് ഞാൻ അറിയിക്കുന്നു. ഞാൻ ട്വീറ്റ് ചെയ്തത് സുപ്രീം കോടതിയുടെ രീതിയെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും ഉള്ള എന്റെ ധാരണയാണ്,” സത്യവാങ്മൂലത്തിൽ പ്രശാന്ത് ഭൂഷൺ എഴുതി.

ജനാധിപത്യത്തിലെ വിയോജിപ്പിനെക്കുറിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്തയും നടത്തിയ പ്രസംഗങ്ങളും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭരണഘടനയില്‍ ഏറ്റവും വിലമതിക്കാത്തതായി കണക്കാക്കുന്ന ഒന്നാണ് ആളുകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 19 (1)(a) എന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജെസ്റ്റിസ് ബോബ്‌ഡെ ഹെല്‍മറ്റും മാസ്‌കും ഇല്ലാതെ ഹാർലി ഡേവിസണ്‍ ആഢംബര ബൈക്കില്‍ കയറിയിരുന്ന നടപടിക്കെതിരെയായിരുന്നു ഭൂഷണ്‍ ട്വിറ്ററില്‍ വിമര്‍ശിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ്മാര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Read in English: Expression of opinion is not contempt, Prashant Bhushan tells SC in reply

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook