ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഏഴ് നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയംവൈകുന്നേരം 4:50 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് നിരവധി അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയതായി ഫയര്‍ സര്‍വീസ് കണ്‍ട്രോള്‍ റൂമിനെ ഉദ്ധരിച്ച് ബിഡിന്യൂസ്24 ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം അറിയാന്‍ കഴിഞ്ഞിട്ടില്ല. സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.
കെട്ടിടങ്ങള്‍ പരിശോധിക്കുന്നതിനായി റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ ബോംബ് നിര്‍വീര്യമാക്കല്‍ യൂണിറ്റ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംസിഎച്ച് പൊലീസ് ഔട്ട്പോസ്റ്റ് ജെ+സ്‌പെക്ടര്‍ ബച്ചു മിയ പറഞ്ഞു. ഇവരെല്ലാം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന നിരവധി കടകളുണ്ട്. അതിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ബിആര്‍എസി ബാങ്കിന്റെ ഒരു ശാഖ സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തില്‍ ബാങ്കിന്റെ ചില്ല് ഭിത്തികള്‍ തകര്‍ന്നു, റോഡിന്റെ എതിര്‍വശത്ത് നിന്നിരുന്ന ബസിനും കേടുപാടുകള്‍ സംഭവിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.