ലണ്ടൻ: ലണ്ടന്‍ മെട്രോ സ്‌റ്റേഷനില്‍ സ്ഫോടനം. പാഴ്സൺ ഗ്രീനിലുള്ള ഭൂഗർഭ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്ന് ഏള്‍സ് കോര്‍ട്ടിനും വിബിംള്‍ഡനും ഇടയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ദുരന്തനിവാരണ സേന സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റൊരു സ്ഫോടകവസ്തു നിര്‍വീര്യമാക്കി കൊണ്ടാണ് പോലീസ് സ്‌ഫോടന വിവരം സ്ഥിരീകരിച്ചത്. പ്രാദേശിക സമയം രാവിലെ 8.20 ഓടെയാണ് സ്ഫോടനമുണ്ടായത്. ട്രെയിനിന്റെ പുറകിലായി ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റ് പൊട്ടിത്തെറിച്ചന്നായിരുന്നു ആദ്യം വിവരം. സ്ഥലത്തെത്തിയ പോലീസ് സമാനമായ മറ്റൊരു സ്ഫോടക വസ്തു കൂടി കണ്ടെത്തുകയും ഇത് നിര്‍വീര്യമാക്കുകയും ചെയ്തു.

പൊട്ടിത്തെറിയുണ്ടായ സ്റ്റേഷന്‍ ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലാണ്. സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷമേ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കൂവെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ