ജബല്‍പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഇടെയായിരുന്നു സംഭവം. ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് രാഹുല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. ഉടന്‍ തന്നെ പ്രത്യേക സുരക്ഷാസേന സംഭവസ്ഥലത്തത്തി ജനങ്ങളെ മാറ്റി സുരക്ഷ ഒരുക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തില്‍ സഞ്ചരിക്കവെയാണ് ബലൂണില്‍ തീ പിടിച്ചത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയ്യാറാക്കി വച്ചിരുന്ന തട്ടില്‍ നിന്ന് ബലൂണില്‍ തീ പടരുകയായിരുന്നു.

ബലൂണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ആളിക്കത്തുകയുമായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മില്‍ രണ്ട് മൂന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ് രാഹുല്‍ ഗാന്ധി ജബല്‍പൂരില്‍ നടത്തിയത്.

നര്‍മ്മദ നദീ തീരത്തു നിന്നും ആരംഭിച്ച റോഡ് ഷോ ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ നിയോജക മണ്ഡലങ്ങള്‍ വഴിയാണ് കടന്നു പോയത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook