മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ സ്ഫോടനം. മൂന്ന് നാവിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി നേവി അധികൃതര്‍ അറിയിച്ചു.
“മുംബൈയിലെ നേവൽ ഡോക്ക്യാർഡിൽ ഐഎൻഎസ് രൺവീറിന്റെ ഉള്ളിലെ കമ്പാർട്ടുമെന്റിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ മൂന്ന് നാവിക സേനാംഗങ്ങൾ മരണത്തിന് കീഴടങ്ങി,” നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
“കപ്പലിലുണ്ടായിരുന്നവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനാല്‍ സ്ഥിതി വേഗത്തില്‍ തന്നെ നിയന്ത്രണവിധേയമാക്കാനായി. വലിയ നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല,” പ്രസ്താവനയില്‍ പറയുന്നു.
കപ്പല്‍ 2021 നവംബർ മുതൽ ഈസ്റ്റേൺ നേവൽ കമാൻഡിൽ നിന്നുള്ള ക്രോസ് കോസ്റ്റ് ഓപ്പറേഷൻ വിന്യാസത്തിലാണെന്നും ഉടൻ തന്നെ പോർട്ടിലേക്ക് മടങ്ങുമെന്നും നാവികസേന പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു.
1986 ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് രൺവീർ, നാവികസേനയുടെ രജ്പുത് ക്ലാസ് ഡിസ്ട്രോയറുകളുടെ പുതിയ പതിപ്പാണ്. രൺവീർ വിഭാഗത്തിലെ ആദ്യത്തേതാണ് ഐഎന്‍എസ് രണ്‍വീര്‍. മറ്റൊന്ന് ഐഎൻഎസ് രൺവിജയ്യാണ്.
Also Read: പഞ്ചാബില്‍ കളം പിടിക്കുമോ ആം ആദ്മി? ഭഗവന്ത് മാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി