ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും അടക്കം വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദവും കേന്ദ്രം കോടതിയില്‍ നിഷേധിച്ചു.
“സ്ഥാപിതമായ താൽപര്യങ്ങളാൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും, ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിനും ഈ മേഖലയിലെ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. പ്രസ്തുത കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കും,” കേന്ദ്രം കോടതിയില്‍ പറഞ്ഞു.
ഐടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്വതന്ത്രമായുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ആരോപണങ്ങള്‍ എല്ലാം ഗൗരവമുള്ളതാണെന്നാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫോണുകള്‍ ഹാക്ക് ചെയ്തതിന് തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് എഫ്ഐആര്‍ ഫയല്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചിരുന്നു.
“പ്രാഥമിക വിവരങ്ങളും റിപ്പോർട്ടിന് വിശ്വാസ്യതയും ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് അന്വേഷണത്തിന് ഉത്തരവിടാവുന്നതാണ്. 2019 ല്‍ ഈ വിഷയം പുറത്ത് വന്നതായാണ് ഹര്‍ജികളില്‍ നിന്ന് മനസിലാക്കുന്നത്. അന്വേഷണത്തിനായി ശ്രമം നടത്തിയോയെന്ന് വ്യക്തമല്ല. ഹർജികൾ സമർപ്പിച്ച വ്യക്തികൾ അറിവുള്ളവരാണ്. കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ അവർ പരിശ്രമിക്കേണ്ടിയിരുന്നു. ഹര്‍ജിക്കാരില്‍ പലരേയും പെഗാസസ് ബാധിച്ചിട്ടില്ല, ചിലര്‍ തങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായും ആവകാശപ്പെടുന്നു, എന്നാല്‍ ആരും പരാതി നല്‍കാന്‍ ശ്രമിച്ചിട്ടില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
Also Read: Project Pegasus: എന്താണ് പെഗാസസ് ചാര സോഫ്റ്റ്‌വെയർ? അറിയാം