ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശങ്ങളിലേക്ക് പറന്നതിന്‍റെ യാത്രാചെലവ് പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടു. സ്ഥാനമേറ്റതു മുതല്‍ 2016 നവംബര്‍ മാസം വരെ 44 രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. ഇതില്‍ മിക്കതും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രകളാണ്. ഈ കാലയളവില്‍ അദ്ദേഹം നാലു തവണയാണ് അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ളത്. ജപ്പാന്‍, നേപ്പാള്‍, സിംഗപൂര്‍, ഫ്രാന്‍സ്, ചൈന, ഉസ്ബെസ്ക്കിസ്ഥാന്‍, റഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലേക്ക് രണ്ടു തവണ വീതമാണ് മോദി പറന്നത്. അന്റാര്‍ട്ടിക്കയൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഇന്ത്യന്‍ പ്രധാനമന്ത്രി പറന്നിറങ്ങിയിട്ടുണ്ട്.

മോദിയുടെ യാത്രാചെലവുകള്‍ ബജറ്റിനു പുറമെയുള്ള ചെലവിടലുകളില്‍ ആണ് പെടുക. “ക്യാബിനറ്റ് മന്ത്രിമാര്‍, പ്രധാനമന്ത്രിയുടെ വിമാനത്തിന്‍റെ അറ്റകുറ്റപ്പണികള്‍, മറ്റു ചെലവുകള്‍” എന്നിവ ഡിമാന്‍ഡ് നമ്പര്‍ 47 ന്‍റെ കീഴിലാണ്. നേപ്പാളും ബംഗ്ലാദേശും പോലുള്ള അയല്‍ രാജ്യങ്ങളിലേക്കുള്ള മിക്ക യാത്രകള്‍ക്കും അദ്ദേഹം ചാർട്ടേഡ്‌ വിമാനങ്ങളാണ് ഉപയോഗിച്ചത്. മറ്റുള്ള യാത്രകളില്‍ മിക്കവാറും ഉപയോഗിച്ചിട്ടുള്ളത്‌ ഇന്ത്യന്‍ വ്യോമസേനയുടെ ബോയിങ് ബിസിനസ്‌ ജെറ്റ്സ് ആണ്. അതിന്‍റെ ചെലവുകള്‍ ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയിട്ടില്ല.

ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാഷ്ട്രങ്ങളിലേക്കായി നടത്തിയ യാത്രയാണ് പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ യാത്ര. ഏപ്രില്‍ 9 മുതല്‍ 17 വരെ ചാര്‍ട്ടഡ്‌ ഫ്ലൈറ്റില്‍ നടത്തിയ ഈ യാത്രയ്ക്ക് ചെലവായത് ഏതാണ്ട് 31 കോടി രൂപയാണ്. ഒരു പ്രദേശത്തേക്ക് നടത്തുന്ന യാത്രയില്‍ കഴിയുന്നത്രയും രാഷ്ടങ്ങള്‍ സഞ്ചരിക്കാവുന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ യാത്ര ആസൂത്രണം ചെയ്യുന്നത്. അദ്ദേഹം മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലേക്കു നടത്തിയ യാത്രയില്‍ ഉസ്ബെസ്ക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, റഷ്യ, ടർക്ക്മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളൊക്കെ സന്ദര്‍ശിച്ചിരുന്നു. അതുപോലെതന്നെ ജൂലൈ 2016ല്‍ അദ്ദേഹം നടത്തിയ ആഫ്രിക്കന്‍ യാത്രക്കിടയില്‍ മൊസാംബിക്ക്, സൗത്ത് ആഫ്രിക, താന്‍സാനിയ, കെനിയ എന്നീ രാഷ്ട്രങ്ങളൊക്കെ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ത്യയുമായി വളരെ മികച്ച ഉഭയകക്ഷി ബന്ധമുള്ള രാഷ്ടങ്ങള്‍ ആണിവയൊക്കെ.

എല്ലാ സാർക് രാഷ്ട്രങ്ങളിലേക്കും പ്രധാനമന്ത്രി സഞ്ചരിച്ചിട്ടുണ്ട്. നേപ്പാളിലേക്ക് അദ്ദേഹം രണ്ടുതവണ സന്ദര്‍ശനം നടത്തി. ഒന്നാമത്തേത് ഉഭയകക്ഷി ബന്ധത്തിനായുള്ളതും രണ്ടാമത്തേത് സാർക് ഉച്ചകോടിക്കും ആയിരുന്നു. മോദിയുടെ ആദ്യ പാക്ക് സന്ദര്‍ശനം 2015 ഡിസംബറില്‍ ആയിരുന്നു. അതിനു ശേഷം ഒരു തവണ കൂടി അദ്ദേഹം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു ജന്മദിനം ആഘോഷിക്കുന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശംസിക്കുവാനായി അദ്ദേഹം രണ്ടാം തവണ പാക്കിസ്ഥാനില്‍ ഇറങ്ങിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിനെ സുതാര്യമാക്കുക എന്ന നയത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രിയുടെ വിമാനയാത്രാചെലവുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനുപുറമേ, പ്രധാനമന്ത്രിയുടേയും മറ്റു ക്യാബിനറ്റ് മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങളും പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ സ്വദേശ യാത്രകള്‍ക്കായുള്ള തുക പ്രതിരോധ വകുപ്പിന്‍റെ ബജറ്റില്‍ നിന്നാണ് വിനിയോഗിക്കുന്നത്.

പ്രധാനമന്ത്രിയുടെ ചില വിദേശ യാത്രകളുടെ ചെലവ്:

ജൂണ്‍ 2014 – ഭൂട്ടാന്‍ – 2.45 കോടി രൂപ
ജൂലൈ 2014- ബ്രസീല്‍ – 20.35 കോടി രൂപ
നവംബര്‍ 2014- മ്യാന്മര്‍, ഓസ്ട്രേലിയ, ഫിജി- 22.58 കോടി രൂപ
ഏപ്രില്‍ 2015- ചൈന, മംഗോളിയ, വടക്കന്‍ കൊറിയ- 15.15 കോടി രൂപ
സെപ്റ്റംബര്‍ 2015- അയര്‍ലന്‍ഡ്, അമേരിക്ക- 18.46 കോടി രൂപ
ഏപ്രില്‍ 2016- ബെല്‍ജിയം, അമേരിക്ക, സൗദിഅറേബ്യ – 15.85 കോടി രൂപ
സെപ്റ്റംബര്‍ 2016- വിയറ്റ്നാം, ചൈന- 9.35 കോടി രൂപ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ