ഭോപ്പാൽ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോള്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ച് 68.23 കോടി രൂപ. നിയമസഭയില്‍ ബിജെപി എംഎല്‍എ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരമേറ്റത്.

മുഖ്യമന്ത്രി കമല്‍നാഥാണ് സഭയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രിന്റ് മീഡിയയിലെ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 51.84 കോടി രൂപയാണ്. മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് 16.39 കോടി രൂപയുടെ പരസ്യങ്ങളാണ്. മാര്‍ച്ചിലാണ് പരസ്യത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 17.14 കോടിയാണ് മാര്‍ച്ച് മാസത്തില്‍ മാത്രം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. ജനുവരിയില്‍ 15.44 കോടി രൂപയും ഫെബ്രുവരിയില്‍ 15.43 കോടി രൂപയും പരസ്യങ്ങള്‍ക്ക് മാത്രമായി കമല്‍നാഥ് സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.

ബിജെപിയെ താഴെയിറക്കിയാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. കമൽനാഥിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും കമൽനാഥിന് അവസരം ലഭിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook