ബംഗലൂരു: കർണാടകയിലെ ബിജെപി സർക്കാരിൽ നിലവിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. കർണാടകയിലെ ബിജെപി സർക്കാരിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നദ്ദയുടെ പ്രതികരണം. നിലവിലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ “നല്ല പ്രവർത്തനം” ആണ് നടത്തിയതെന്ന് നദ്ദ പറഞ്ഞു.
“യെദ്യൂരപ്പാജി മികച്ച പ്രവർത്തനം നടത്തി. കർണാടകയിൽ കാര്യങ്ങൾ നന്നായി നടക്കുന്നു. അദ്ദേഹം സ്വന്തം രീതിയിൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നു,” പനാജിയിൽ നദ്ദ പറഞ്ഞു. സംസ്ഥാനത്തെ നേതൃത്വ പ്രതിസന്ധിയെ സൂചിപ്പിക്കുന്ന ഒരു ചോദ്യത്തിന് അദ്ദേഹം മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകിയത് അതെല്ലാം നിങ്ങൾക്ക് തോന്നുന്നതാണ് എന്നാണ്. “നിങ്ങൾക്ക് തോന്നുന്നതാണ് അതെല്ലാം. ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല,” നദ്ദ പറഞ്ഞു.
അതേസമയം, കേന്ദ്ര പാർലമെന്ററി കാര്യ, കൽക്കരി, ഖനന മന്ത്രി പ്രഹ്ളാദ് ജോഷി, സംസ്ഥാന ഖനി മന്ത്രി മുരുകേഷ് നിരാനി എന്നിവരെ ഡൽഹിയിലേക്ക് ബിജെപി ഹൈക്കമാൻഡ് വിളിച്ചുവരുത്തിയതായി പാർട്ടി വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് സംസാരിക്കവേ സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരത്തോടെ ഹൈക്കമാൻഡിന്റെ തീരുമാനം പ്രതീക്ഷിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൈക്കമാൻഡിന്റെ നിര്‍ദേശം വന്നതിന് ശേഷം ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചകളായി യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം ഇതുവരെ രാജി ആവശ്യപ്പെട്ടിട്ടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യെദ്യൂരപ്പ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് എല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും, താന്‍ അല്ല അത്തരം കാര്യങ്ങളില്‍ മറുപടി പറയേണ്ടതെന്നുമായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യ ബി.ജെ.പി. ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആഭിപ്രായവുമായി എത്തിയിരുന്നു.
തനിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി ലിംഗായത്ത് വിഭാഗം ബംഗലൂരുവില്‍ മെഗ കോണ്‍ക്ലേവ് നടത്താനിരിക്കുന്നതിനെക്കുറിച്ചും യെദ്യൂരപ്പ പ്രതികരിച്ചു. “അത്തരത്തില്‍ യോഗങ്ങള്‍ നടത്തേണ്ട ആവശ്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി. നദ്ദ, അമിത് ഷാ എന്നിവരില്‍ എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ട്. അവരുടെ തീരുമാനത്തിനായി കാത്തിരിക്കാം,” യെദ്യൂരപ്പ പറഞ്ഞു.
പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കെല്‍പ്പുള്ളതും, സ്വതന്ത്ര ചിന്താഗതിയും ഉള്ള ഒരു നേതാവിനെയാണ് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നതെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
Also Read: ‘ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കും’; രാജി സൂചന നല്കി യെദ്യൂരപ്പ