ചെന്നൈ: രജനീകാന്തിനും കമല്‍ഹാസനും വിശാലിനും പുറമേ മറ്റൊരു തമിഴ് നടന്‍ കൂടി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന അടുത്ത സിനിമാ താരം. രജനീകാന്തും കമല്‍ഹാസനും വിശാലും പുതിയ കക്ഷിയുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഡിഎംകെയെ ശക്തമാക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഉദയനിധിയുടെ രാഷ്ട്രീയപ്രവേശനം.

രാഷ്ട്രീയവും സിനിമയും രണ്ടല്ലാത്ത കരുണാനിധി കുടുംബത്തില്‍ നിന്നാണ് ഉദയനിധി സിനിമയിലേക്ക് വരുന്നത്. ഇതുവരെ അഭിനേതാവായി മാത്രമാണ് ഉദയനിധിയെ കണ്ടിട്ടുള്ളത്. എന്നാല്‍ തനിക്ക് രാഷ്ട്രീയവും അപരിചിതമല്ല എന്നാണ് ഉദയനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡിഎംകെയുടെ പൊതുപടിപാടികളില്‍ പങ്കെടുക്കുന്നത് പതിവാക്കിയിരിക്കുകയാണ് ഉദയനിധി. ചെന്നൈയിലെ താമ്പരത്ത് നടന്നൊരു പൊതുപരിപാടിയില്‍ പങ്കെടുത്ത സ്റ്റാലിന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. “ഇനി മുതല്‍ നിങ്ങള്‍ എന്നെ ഇതുപോലെ പതിവായി കാണും” വേദിയിലിരിക്കുന്നതിനെക്കാൾ സദസ്സില്‍ ഇരിക്കാനാണ് താന്‍ താത്പര്യപ്പെടുന്നത് എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പരിപാടിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഉദയനിധി പറഞ്ഞു.

ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ സ്റ്റാലിനും ഭാര്യയും ഏറെ താത്പര്യം കാണിക്കുന്നുണ്ട് എന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. “ഇതാണ് പറ്റിയ സമയം എന്നാണ് ഉദയനിധിയുടെ വിശ്വാസിയായ അമ്മയ്ക്ക് കിട്ടിയ ഉപദേശം” നേതാവ് പറഞ്ഞു.

“ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന് ശേഷം പാര്‍ട്ടിയെ കരകയറ്റാനുള്ള തന്ത്രങ്ങളില്‍ ഒന്നാണിത്. കലൈഞ്ചര്‍ കരുണാനിധി വരുന്ന തിരഞ്ഞെടുപ്പില്‍ മൽസരിക്കില്ല. അതിനാല്‍ തന്നെ ഉദയനിധിയും അദ്ദേഹത്തിന്‍റെ താരമൂല്യവും വോട്ടര്‍മാരെ ആകര്‍ഷിക്കും എന്നാണ് പ്രതീക്ഷ” നേതാവ് പറഞ്ഞു. “എന്നാല്‍ ഉദയനിധിയുടെ താരമൂല്യം മുന്‍ നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയപ്രവേശനം നടത്താന്‍ സ്റ്റാലിന് താത്പര്യമില്ല. രാഷ്ട്രീയത്തില്‍ ഭാഗമായതിന് ശേഷം വളരാനാകും സ്റ്റാലിന്‍ ഉദയനിധിയോട് ആവശ്യപ്പെടുക” നേതാവ് പറഞ്ഞു.

തമിഴ് സിനിമയിലെ സുപ്രധാന ശക്തികളില്‍ ഒന്നാണ് ഉദയനിധി സ്റ്റാലിന്‍. നിര്‍മാതാവും വിതരണക്കാരനും കൂടിയായ ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസ് ഒരുപാട് സൂപ്പര്‍താര ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കുരുവി, ആദവന്‍, മൻമഥന്‍ അമ്പ്, ഏഴാം അറിവ് തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് പടങ്ങള്‍ റെഡ് ജയന്റ് മൂവീസിന്‍റെ ബാനറിലായി നിര്‍മിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേയ്ക് ‘നിമിര്‍’ ആണ് ഉദയനിധിയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ