ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുകയാണെങ്കില്‍ തങ്ങളുടെ ഭാഗത്തു നിന്ന് ഒരുവിധത്തിലുള്ള സംയമനവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു പ്രതികരണം. അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനിലെ ആണവകേന്ദ്രങ്ങളടക്കമുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ വ്യോമസേനയ്ക്ക് ശേഷിയുണ്ടെന്നും ചൈനയില്‍നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യക്ക് ‘പ്ലാന്‍ ബി’ ഉണ്ടെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാകിസ്താന്റെ തന്ത്രപരമായ ആണവായുധങ്ങള്‍ മാത്രമല്ല അതിര്‍ത്തിക്കപ്പുറത്തെ മറ്റ് ലക്ഷ്യങ്ങളും കണ്ടെത്തി തകര്‍ക്കാനുള്ള ശേഷി വ്യോമസേനയ്ക്കുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ശക്തമായ ആക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ അയല്‍ രാജ്യങ്ങളുമായി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യ പാകിസ്താനെതിരായി മിന്നലാക്രമണം നടത്തുകയോ പാകിസ്താന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുകയോ ചെയ്താല്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഒരുവിധത്തിലുമുള്ള സംയമനവും ഉണ്ടാവില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരുവിധത്തിലുള്ള പ്രതികരണവും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സഹായകരമല്ലാത്ത കാര്യങ്ങളാണ് കാശ്മീരില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook