ന്യൂഡല്‍ഹി: ഏതെങ്കിലും വിഷയത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മേജർ ലീതുല്‍ ഗൊഗോയ്‌ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്‌ച ശ്രീനഗറിലെ ഹോട്ടലിലെത്തിയ ഗൊഗോയും അവിടുത്തെ തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ പ്രതികരണം.

കഴിഞ്ഞ വർഷം ബുഡ്ഗാമിലെ തിരഞ്ഞെടുപ്പ് സമയത്ത് കശ്‌മീരി യുവാവിനെ ഗൊഗോയ് തന്‍റെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് ഗ്രാമവാസികൾക്ക് മുന്നിലൂടെ കൊണ്ട് പോയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

“ഇന്ത്യന്‍ കരസേനയില്‍, ഏത് റാങ്കിലുള്ളവര്‍ തെറ്റ് ചെയ്തതായി ബോധ്യപ്പെട്ടാലും അതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. മേജര്‍ ഗൊഗോയിയുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ അദ്ദേഹം അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചിരിക്കും,” റാവത്ത് എഎന്‍ഐയോട് പറഞ്ഞു.

ബുധനാഴ്‌ച ഒരു പുരുഷനും പെണ്‍കുട്ടിക്കും ഒപ്പമാണ് ഗൊഗോയ് നഗരത്തിലെ ഒരു ഹോട്ടലില്‍ എത്തിയത്. എന്നാല്‍ യുവതിയെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ വിസമ്മതിച്ചതോടെ ഗൊഗോയ് അവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഹോട്ടല്‍ അധികാരികള്‍ പൊലീസിനെ വിളിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍ന്നത്. സംഭവത്തിൽ ഐജിപി (കശ്‌മീർ) എസ്.പി.പാണി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നോര്‍ത്ത് സിറ്റി എസ്‌പി സജദ് അഹമദ് ഷായ്ക്കാണ് അന്വേഷണ ചുമത.

”ലീതുല്‍ ഗൊഗോയുടെ പേരില്‍ ഹോട്ടലില്‍ ഒരു റൂം ബുക്ക്‌ ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഒരു പുരുഷനും പെൺകുട്ടിക്കും ഒപ്പമാണ് എത്തിയത്. അവരെ ഹോട്ടലിലേക്ക് പ്രവേശിക്കാൻ ജീവനക്കാർ അനുവദിച്ചില്ല. തദ്ദേശവാസിയായ പെൺകുട്ടിയെ ഹോട്ടലില്‍ കയറാൻ അനുവദിക്കില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ഇതിനെ തുടർന്ന് റിസപ്‌ഷനിൽവച്ച് ഗൊഗോയും ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുകയും ഗൊഗോയെയും ഒപ്പമുണ്ടായിരുന്ന പുരുഷനെയും പെൺകുട്ടിയെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. പരിശോധനയില്‍ ദുരൂഹമായി യാതൊന്നും ബോധ്യപ്പെട്ടില്ല. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സില്‍ കൂടുതല്‍ പ്രായവും ഉണ്ടായിരുന്നു. അതുകൊണ്ട് അവരെ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്” അന്വേഷണ ചുമതല വഹിക്കുന്ന ഷാ വ്യക്തമാക്കി.

പെണ്‍കുട്ടിയും, സമീര്‍ അഹമദ് എന്ന പേരുള്ള യുവാവും കൂടി ഒരാളെ കാണാന്‍ ഹോട്ടലില്‍ ചെന്നുവെന്നും, പ്രവേശനം നിഷേധിക്കപ്പെട്ട അവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്നുമെന്നുമാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഉളളത്.

അതേസമയം, ഗൊഗോയും മുൻപ് രണ്ടുതവണ രാത്രിയിൽ വീട് റെയ്ഡ് ചെയ്തതായി പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. അയാൾക്കൊപ്പം സമീർ അഹമ്മദും ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. സമീര്‍ അഹമദും കരസേനയില്‍ തന്നെയാണെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

“ബാങ്കില്‍ പോയി വരാമെന്ന് പറഞ്ഞാണ് അവള്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. പാടത്ത് പണിക്ക് പോയ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല. വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ അയല്‍ക്കാരാണ് സംഭവത്തെപ്പറ്റി പറഞ്ഞത്,” പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ