ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരികെയെത്തി മൂന്ന് ദിവസത്തിനകം സ്ഥാനം മാറേണ്ടി വന്ന അലോക് വർമ്മ സ്ഥാനമൊഴിഞ്ഞു. തന്റെ കാലാവധി പൂർത്തിയായതാണെന്നും ഇന്നത്തോടെ സർവ്വീസ് അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പേഴ്സണൽ ആന്റ് ട്രെയിനിങ് വകുപ്പ് സെക്രട്ടറി ചന്ദ്രമൗലിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും തന്റെ വാദം കേൾക്കാതെയാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് സെലക്ട് കമ്മിറ്റി നീക്കിയതെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. 2017 ജൂലൈ 31 ന് തന്നെ തന്റെ ഐപിഎസ് കാലാവധി പൂർത്തിയായെന്നും പിന്നീട് സിബിഐ ഡയറക്ടർ സ്ഥാനത്താണ് അധിക ചുമതല ലഭിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സ്ഥാനത്ത് നിന്ന് നീക്കിയ സാഹചര്യത്തിൽ തന്റെ അധിക ചുമതല കാലാവധി കൂടി ഇന്നത്തോടെ പൂർത്തിയായതായി കണക്കാക്കണമെന്നാണ് അദ്ദേഹം പേഴ്സണൽ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നത്.

സിബിഐ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് നീക്കിയ അലോക് വർമ്മയെ ഫയർ സർവ്വീസസ് ഡയറക്ടർ ജനറലിന്റെ ചുമതലയിലേക്കാണ് മാറ്റിയത്. ഈ സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

“ഇന്നലെയെടുത്ത തീരുമാനം തന്റെ പ്രവർത്തനത്തെ മാത്രം ബാധിക്കുന്നതല്ല, സർക്കാരിലെ ഭൂരിപക്ഷ അംഗങ്ങൾ അംഗീകരിച്ച നിയമനം കേന്ദ്ര വിജിലൻസ് കമ്മിഷനെ ഉപയോഗിച്ച് സർക്കാർ അട്ടിമറിച്ചതിന്റെ തെളിവായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും,” കത്തിൽ അലോക് വർമ്മ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook