ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഞ്ച് ദിവസം കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കസ്റ്റഡിയില്‍ തുടരും. മാര്‍ച്ച് 22 വരെയാണ് കസ്റ്റഡി കാലവധി. ഡല്‍ഹി കോടതിയുടേതാണ് ഉത്തരവ്. പ്രത്യേക ജഡ്ജായ എം കെ ഗോപാലാണ് ഇഡിയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
കസ്റ്റഡിയിലുള്ള സീസോദിയയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും മറ്റ് പ്രതികള്‍ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. സിസോദിയയുടെ ഇ-മെയിലിൽ നിന്നും മൊബൈലിൽ നിന്നുമുള്ള വിവരങ്ങളുടെ ഫോറൻസിക് വിശകലനം പുരോഗമിക്കുകയാണെന്നും ഇ ഡി വ്യക്തമാക്കി.
കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണ ഏജന്‍സി ഒന്നും വ്യക്തമാക്കുന്നില്ലെന്ന് സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇ ഡി സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) പ്രോക്സി ഏജന്‍സിയാണൊയെന്നും ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് അഭിഭാഷകന്‍ ചോദിച്ചു. ഏഴ് ദിവസത്തെ ഇ ഡി റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സിസോദിയയെ ഇന്ന് ഹാജരാക്കിയത്.
തീഹാര്‍ ജയിലില്‍ വച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിസോദിയയെ മാര്‍ച്ച് ഒൻപതിന് ഇ ഡി അറസ്റ്റ് ചെയ്തത്. മദ്യ നയക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇ ഡി അന്വേഷിച്ച് വരികയാണ്. മദ്യ നയക്കേസില്‍ ഫെബ്രുവരി 26-നാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിസോദിയ.
മാര്‍ച്ച് ആറ് വരെയാണ് സിബിഐ കസ്റ്റഡിയില്‍ സിസോദിയ കഴിഞ്ഞത്. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മാര്‍ച്ച് 10-നാണ് ഇ ഡി കസ്റ്റഡിയില്‍ സിസോദിയയെ കോടതി വിട്ടത്. കൈക്കൂലി വാങ്ങി ചില മദ്യം വിൽക്കാൻ ലൈസൻസ് നൽകുന്നതിനായി സിസോദിയയും ആംആദ്മിയിലെ (എഎപി) മറ്റ് അംഗങ്ങളും ഒത്തുകളിച്ചതായാണ് ആരോപണം.