ഹൈദരാബാദ്: മയക്കുമരുന്ന് റാക്കറ്റ് കേസില്‍ തെലുഗ് സിനിമാ താരങ്ങള്‍ക്ക് തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് നോട്ടീസ് അയച്ചു. ജൂലൈ 14ന് എന്‍ഫോഴ്സ്മെന്റിന്റെ ദൗത്യത്തില്‍ പിടിയിലായ മയക്കുമരുന്ന് റാക്കറ്റിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സിനിമാ താരങ്ങള്‍ അടക്കം 12 പേര്‍ക്ക് നോട്ടീസ് അയച്ചത്.
എക്സൈസിന്റെ പ്രത്യേക അന്വേഷണവിഭാഗമാണ് ആറ് നടന്മാരും ഒരു സംവിധായകനം അടക്കമുളളവരോട് ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ മുമ്പില്‍ ജൂലൈ 19നും 27നുളളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. പിടിയിലായ മയക്കുമരുന്ന് റാക്കറ്റില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.
‘പോക്കിരി’ എന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ അടക്കം സംവിധാനം ചെയ്ത പൂരി ജഗന്നാധ്, നടന്‍ രവി തേജ, പി നവദീപ്, തരുണ്‍ കുമാര്‍, എ താനിഷ്, പി സുബ്ബരാജു, നടിയായ ചാര്‍മി കൗര്‍, മുമൈത് ഖാന്‍, ഛായാഗ്രാഹകന്‍ ശ്യാം കെ നായിഡു, ഗായകന്‍ ആനന്ദ കൃഷ്ണ നന്ജു, കലാസംവിധായകന്‍ ചിന്ന എന്‍ ധര്‍മ്മറാവു എന്നിവരോടാണ് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.
മയക്കുമരുന്ന് റാക്കറ്റില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും സിനിമാപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പത്ത് പേരാണ് അറസ്റ്റിലായിട്ടുളളത്. ഇവര്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നവരാണ്. ലിസര്‍ജിക് ആസിഡ് ഡെയാത്തിലമൈഡ് (എല്‍എസ്ഡി), എംഡിഎംഎ എന്നിവയടക്കമുളള മയക്കുമരുന്നുകളാണ് ഇവര്‍ വിതരണം ചെയ്യുന്നതെന്നാണ് സംശയം.
രവി തേജ അടക്കമുളള താരങ്ങള്‍ക്കെതിരായ നടപടി ടോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ജൂണ്‍ 26ന് അമിതവേഗത്തില്‍ കാറോടിച്ച രവി തേജയുടെ സഹോദരന്‍ ഭരത് രാജ് അപകടത്തില്‍ മരിച്ചിരുന്നു. അപ്പോഴും രവി തേജയുടെ പ്രതിച്ഛായ ടോളിവുഡില്‍ വളരെ മികച്ചതായിരുന്നു. എന്നാല്‍ താരങ്ങള്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.