scorecardresearch

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ജസ്വന്ത് സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

ജസ്വന്ത് സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

author-image
WebDesk
New Update
Jaswant Singh Dies, ജസ്വന്ത് സിങ്, Ex-Union Minister, മുൻ കേന്ദ്ര മന്ത്രി, BJP Leader, ബിജെപി നേതാവ്, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് ട്വിറ്ററിലൂടെ മരണ വാര്‍ത്ത അറിയിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.

Advertisment

ജൂൺ 25നാണ് ജസ്വന്ത് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ, തലയ്ക്കേറ്റ ക്ഷതം എന്നിവയ്ക്കായിരുന്നു ചികിൽസ. ഹൃദയാഘാതം സംഭവിച്ചാണു മരണമെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജസ്വന്ത് സിങ് നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. വിദേശകാര്യം, പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

Advertisment

സൈനികനായും രാഷ്ട്രീയ നേതാവായും രാജ്യത്തെ സേവിച്ച് ജസ്വന്ത് സിങ്ങിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ജസ്വന്ത് സിങ് രാജ്യത്തെ ശ്രദ്ധാപൂർവം സേവിച്ചു. ആദ്യം സൈനികനായും പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും. അടല്‍ജിയുടെ സർക്കാരിൽ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുകയും ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയവയിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതനാണ്’– മോദി ട്വിറ്ററിൽ കുറിച്ചു.

രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ജസോൾ ഗ്രാമത്തിൽ‍ 1938 ജനുവരി 3-നാണ് ജസ്വന്ത് സിങ് ജനിച്ചത്. പഠിക്കാൻ സമർത്ഥനായിരുന്ന അദ്ദേഹം ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. 1960കളിൽ കരസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിൽ കടന്നത്.

1996-ലെ അടൽ ബിഹാരി വാജ്പെയിയുടെ നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 2000-01 കാലയളവിൽ തെഹൽക വിവാദം മൂലം രാജിവെച്ച ജോർജ് ഫെർണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചു. 2002-ൽ വീണ്ടും ധനകാര്യ മന്ത്രിയായി.

ജസ്വന്ത് സിങ് എഴുതിയ ‘ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം’ എന്ന പുസ്‌തകം ഏറെ വിവാദങ്ങൾക്ക് വിധേയമായിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ 2009 ഓഗസ്‌റ്റ് 19ന് അദ്ദേഹത്തെ ബിജെപി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയിരുന്നു. ജസ്വന്തിന്റെ പുസ്‌തകത്തിൽ പാക്കിസ്‌ഥാൻ സ്‌ഥാപക നേതാവായ മുഹമ്മദ് അലി ജിന്നയെ പ്രകീർത്തിച്ചതും സർദാർ പട്ടേലിനെ വിമർശിച്ചതുമാണ് കടുത്ത നടപടിക്കു കാരണമായത്.

Union Minister Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: