/indian-express-malayalam/media/media_files/uploads/2022/07/Ajay-Bhatt.jpg)
കഴിഞ്ഞ ഏഴു വർഷമായി സർക്കാർ ജോലി ലഭിക്കുന്ന വിമുക്ത ഭടന്മാരുടെ എണ്ണത്തിൽ കുറവ്. 2015 ൽ 10,982 ൽനിന്ന് 2021 ൽ 2,983 ആയി എണ്ണം കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ലോക്‌സഭയ്ക്കു മുന്നിൽവച്ച കണക്കുകളാണിത്. 2014 മുതൽ 2021 വരെയുള്ള വിമുക്ത ഭടന്മാരുടെ റിക്രൂട്ട്‌മെന്റിന്റെ വിശദാംശങ്ങളാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്‌സഭയിൽ രേഖാമൂലം പങ്കിട്ടത്.
2014 ൽ 2,322 വിമുക്തഭടന്മാർക്ക് മാത്രമാണ് സർക്കാർ ജോലി ലഭിച്ചത്. 2015 ൽ ഈ എണ്ണം 10,982 ആയി ഉയർന്നു, എന്നാൽ 2020 വരെ ജോലി ലഭിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണതയാണ് കാണുന്നത്. തുടർന്നുള്ള വർഷങ്ങളിൽ, സർക്കാർ ജോലികളിൽ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരുടെ എണ്ണം 2016-ൽ 9,086 ആയി കുറഞ്ഞു, 2017-ൽ 5,638; 2018-ൽ 4,175; 2019-ൽ 2,968; 2020-ൽ 2,584. എന്നിരുന്നാലും, 2021-ൽ ഇത് 2,983 ആയി ചെറുതായി ഉയർന്നു.
കോൺഗ്രസിൽനിന്നുള്ള ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ഡോ. അമർ സിംഗ്, ഡോ. എ. ചെല്ലകുമാർ, ഉത്തം കുമാർ റെഡ്ഡി നാലമാഡ എന്നിങ്ങനെ 14 പ്രതിപക്ഷ അംഗങ്ങളും ബാലുഭൗ എന്ന സുരേഷ് നാരായൺ ധനോർക്കർ, മാണിക്കം ടാഗോർ ബി, മുഹമ്മദ് ജാവേദ്, കുമ്പക്കുടി സുധാകരൻ; എൻസിപി (മുഹമ്മദ് ഫൈസൽ പി പി), എം.സെൽവരാജ് (സിപിഐ), എസ്.വെങ്കിടേശൻ (സിപിഎം) എന്നിവരിൽ നിന്ന് ഓരോരുത്തരും ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് സർക്കാർ ഈ വിവരങ്ങൾ പങ്കുവച്ചത്.
ഈ എംപിമാർ 2014 മുതൽ 2022 വരെ സർക്കാർ ജോലികളിൽ റിക്രൂട്ട് ചെയ്ത ആകെ വിമുക്തഭടന്മാരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ മുൻ സൈനികരുടെ റിക്രൂട്ട്‌മെന്റിന്റെ സംവരണ ക്വാട്ടയെക്കുറിച്ചും അവർ ചോദിച്ചിരുന്നു.
2021 ജൂൺ 30 വരെ സെൻട്രൽ സിവിൽ സർവീസസ് ആൻഡ് പോസ്റ്റുകളിൽ (CCS&P) ഗ്രൂപ്പ്-സി പോസ്റ്റുകളിൽ വിമുക്തഭടന്മാരുടെ പ്രാതിനിധ്യം 1.39 ശതമാനവും ഗ്രൂപ്പ് ഡിയിൽ 2.77 ശതമാനവുമാണെന്ന് എംപിമാരുടെ ചോദ്യത്തിന് മറുപടി നൽകി.
കേന്ദ്ര സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) വിമുക്തഭടന്മാരുടെ പ്രാതിനിധ്യം ഗ്രൂപ്പ് എയിൽ 2.2 ശതമാനവും ഗ്രൂപ്പ് ബിയിൽ 0.87 ശതമാനവും ഗ്രൂപ്പ് സിയിൽ 0.47 ശതമാനവുമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ (സിപിഎസ്‌യു) അവരുടെ പ്രാതിനിധ്യം ഗ്രൂപ്പ് സിയിൽ 1.14 ശതമാനവും ഗ്രൂപ്പ് ഡിയിൽ 0.37 ശതമാനവുമാണ്. പൊതുമേഖലാ ബാങ്കുകളിലെ (പിഎസ്ബി) അവരുടെ പ്രാതിനിധ്യം ഗ്രൂപ്പ് സിയിൽ 9.10 ശതമാനവും ഗ്രൂപ്പ് ഡിയിൽ 21.34 ശതമാനവുമാണ്.
ഈ വകുപ്പുകളിലെ സർക്കാർ ജോലികളിൽ മുൻ സൈനികരുടെ പ്രാതിനിധ്യം അവരുടെ സംവരണത്തേക്കാൾ കുറവാണെന്ന് മറുപടിയിൽനിന്ന് വ്യക്തമാണ്. വിമുക്തഭടന്മാർക്ക് ഗ്രൂപ്പ് സി തസ്തികകളിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിൽ 10 ശതമാനവും കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെ/വകുപ്പുകളിലെയും (CCS&P) കേന്ദ്ര സായുധ പോലീസ് സേനയിലെയും (CAPFs) ഗ്രൂപ്പ് ഡിയിൽ 20 ശതമാനവും സംവരണമുണ്ട്.
സൈന്യത്തിൽ 1,35,850-ലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഭട്ട് ലോക്സഭയെ അറിയിച്ചു-ഇന്ത്യൻ ആർമിയിൽ 1,16,464 (ഉദ്യോഗസ്ഥർ 7,308, എംഎൻഎസ് ഓഫീസർമാർ 471, ജെസിഒ/ഒആർ 1,08,685); ഇന്ത്യൻ നാവികസേനയിൽ 13, 597 (മെഡിക്കൽ, ഡെന്റൽ 1,446, നാവികർ ഒഴികെയുള്ള ഉദ്യോഗസ്ഥർ 12,151), ഇന്ത്യൻ വ്യോമസേനയിൽ 5,789 (ഉദ്യോഗസ്ഥർ 572, എയർമാൻ 5,217).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.