പട്ന (ബിഹാർ): ഔഷധ ഗുണമുളള ഗോമൂത്രം ആരോഗ്യരക്ഷയ്ക്കായി മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി കുടിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബേ. മരുന്നുകൾ തയ്യാറാക്കുന്നതിനും കാൻസർ ഭേദമാക്കുന്നതിനും ഗോമൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആയുഷ് മന്ത്രാലയം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഔഷധ ഗുണമുളളതാണ് ഗോമൂത്രം. വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുളള പരിഹാരം ഗോമൂത്രത്തിലൂടെ സാധ്യമാണ്. മരുന്നുകൾ തയ്യാറാക്കുന്നതിനും കാൻസർ ചികിത്സയ്ക്കും ഗോമൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആയുഷ് മന്ത്രാലയം പഠിക്കുന്നുണ്ട്. ഗോമൂത്രം ഉപയോഗിച്ച് കാൻസറിനുള്ള മരുന്നുകൾ എങ്ങനെ നിർമിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ചൗബേ പറഞ്ഞു.

രോഗവിമുക്തിക്കായി ആളുകൾ പലപ്പോഴും ഗോമൂത്രം കുടിച്ചതായി കണ്ടിട്ടുണ്ട്. നമ്മുടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയും ഗോമൂത്രം കുടിക്കുമായിരുന്നു. അതിനാൽ തന്നെ ഗോമൂത്രത്തിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: തന്റെ കാന്‍സര്‍ മാറ്റിയത് ഗോമൂത്രമാണെന്ന് സാധ്വി പ്രഗ്യാ സിങ്

മരുന്നുകളുടെ നിർമാണത്തിനും കാൻസർ ചികിത്സയ്ക്കും ഗോമൂത്രം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആയുഷ് മന്ത്രാലയം ആലോചിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഇന്നലെയും (ശനിയാഴ്ച) പറഞ്ഞിരുന്നു. പലതരം മരുന്നുകളുടെ ഉത്പാദനത്തിന് ഗോമൂത്രം ഉപയോഗിക്കാവുന്നതാണ്. കാൻസർ പോലുളള മാരക രോഗത്തിനുപോലും മരുന്നായി ഗോമൂത്രം ഉപയോഗിക്കാം. ആയുഷ് മന്ത്രാലയം ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

രാജ്യത്ത് പ്രമേഹം, കാൻസർ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലോകത്തിന് തന്നെ വെല്ലുവിളി ഉയർത്തുകയാണ് പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങൾ. ഇവയെ പൂർണമായും തുടച്ചു നീക്കാൻ കഴിയുമെന്ന് പറയാനാവില്ല, പക്ഷേ അവയെ നിയന്ത്രിക്കാനാവും. ഇതിനായി കേന്ദ്രസർക്കാർ 2030 സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ചൗബേ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook