ചെന്നൈ: ഖത്തറിൽ തടവിലുള്ള എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി നല്‍കിയതായി വിവരം. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എട്ട് പേരും ജോലി ചെയ്തിരുന്ന കമ്പനിയിലെ അധികൃതരാണ് കുടുംബാംഗങ്ങള്‍ക്ക് ഈ വിവരം നല്‍കിയതെന്നും ദി ഇന്ത്യന്‍ എക്സ്പ്രസ് മനസിലാക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 30-ന് രാത്രിയാണ് ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. അതിനുശേഷം ഇവർ ഏകാന്ത തടവിലാണ്. എന്ത് കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ഉദ്യോഗസ്ഥരെ വേഗത്തില്‍ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ കേന്ദ്രത്തോട് അപേക്ഷിച്ചിരുന്നു.
മുന്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്ന കമ്പനിയായ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസ് ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്.
സംഭവുമായുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ദി ഇന്ത്യൻ എക്സ്പ്രസ് ഒമാനിലെ മസ്കറ്റിലുള്ള ദഹ്റ ആസ്ഥാനത്തേക്ക് ഇമെയിൽ സന്ദേശമയച്ചിട്ടുണ്ട്. മറുപടിക്കായി കാത്തിരിക്കുകയാണ്.
ഞായറാഴ്ച നടന്ന വിചാരണയ്ക്ക് ശേഷം മൂന്നംഗ ബെഞ്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. വിചാരണസമയത്ത് കോടതിയിലുണ്ടായിരുന്ന കമ്പനി അധികൃതര്‍ക്ക് വളരെ കുറച്ച് നേരം മാത്രമാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നാണ് വിവരം. വിചാരണസമയത്ത് എന്ത് കുറ്റമാണ് ചെയ്തതെന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കമ്പനി അധികൃതര്‍ കുടുംബങ്ങളെ അറിച്ചു.
“രാജ്യത്തുടനീളം നാവികസേന ദിനം ആഘോഷിക്കുകയാണ്. എന്നാല്‍ എട്ട് നാവികസേനാംഗങ്ങള്‍ മൂന്ന് മാസത്തിലേറെയായി ദോഹയില്‍ തടവില്‍ കഴിയുന്നു. സര്‍ക്കാര്‍ നടപടിയെടുക്കുന്നുമില്ല,” തടവില്‍ കഴിയുന്ന ഒരാളുടെ കുടുംബാംഗം പറഞ്ഞു.
ശനിയാഴ്ച നാവികസേനാ ദിനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ ഖത്തറിലെ അധികാരികളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞിരുന്നു.
കുടുംബാംഗങ്ങളിൽ രണ്ട് പേര് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിനേയും ചിലര്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനേയും കണ്ടിരുന്നു. വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നായിരുന്നു കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച മറുപടി.