/indian-express-malayalam/media/media_files/uploads/2017/04/robert_78821194_024629237.jpg)
ന്യുയോര്‍ക്ക്: ഒസാമ ബിന്‍ ലാദനെ വധിച്ചത് താനാണെന്ന അവകാശവാദം ഉന്നയിച്ച അമേരിക്കന്‍ ദൗത്യ സംഘമായ സീലിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. തന്റെ പുതിയ പുസ്തകത്തിലാണ് ബിന്‍ ലാദനെ വധിച്ചത് എങ്ങനെയാണെന്ന് റോബര്‍ട്ട് ഒ നീല്‍ വെളിപ്പെടുത്തുന്നത്.
ലാദനെ വധിച്ചത് തന്റെ മാത്രം നീക്കത്തിലൂടെയാണെന്ന് അവകാശപ്പെട്ട് നേരത്തേ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് റോബര്‍ട്ട് ഒ നീല്‍. തന്റെ പുസ്തകമായ ദി ഓപ്പറേറ്റര്‍: ഫയറിംഗ് ദ ഷോട്ട് ദാറ്റ് കില്‍ഡ് ബിന്‍ ലാദന്‍ എന്ന പുസ്തകത്തിലാണ് താന്‍ തന്നെയാണ് ലാദനെ വകവരുത്തിയതെന്ന് നീല്‍ ആവര്‍ത്തിക്കുന്നത്.
ബിന്‍ ലാദന്റെ ചിന്നിച്ചിതറിയ തല പെറുക്കി കൂട്ടി വയ്ക്കുകയായിരുന്നെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. തിരിച്ചറിയുന്നതിനായി ചിതറിയ ഭാഗങ്ങള്‍ പെറുക്കി കൂട്ടി വയ്ക്കുകയായിരുന്നുവെന്നും റോബര്‍ട്ട് ഒ നീല്‍ പറയുന്നു. താന്‍ തന്നെ ലാദന് നേരെ മൂന്ന് വെടിയുതിര്‍ത്തുവെന്ന് ഒനീല്‍ വെളിപ്പെടുത്തി.
അബോട്ടാബാദിലെ ഒളിസങ്കേതത്തിലെ സ്‌റ്റെയര്‍കേസിന് ചുവട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ലാദന്റെ മകന്‍ ഖാലിദിനെയാണ് ആദ്യം കണ്ടെത്തിയത്. എകെ 47 തോക്കുമായി ഒളിച്ചിരിക്കുകയായിരുന്ന ഖാലിദിനെ അറബിയിലാണ് വിളിച്ചു വരുത്തിയത്. സ്‌റ്റെയര്‍കേസിന് അടിയില്‍ നിന്ന് പുറത്ത് വന്ന ഉടന്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തു.
മുഖത്തിന് നേരെയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്നാണ് ഒളിച്ചിരുന്ന ലാദനെ കണ്ടെത്തിയത്. തന്റെ നാലാം ഭാര്യ അമലിനെ കവചമാക്കി ലാദന്‍ നിന്നു. ഇരുവര്‍ക്ക് നേരെയും ദൗത്യ സേനാംഗങ്ങള്‍ വെടിയുതിര്‍ത്തു. നീലിന്റെ ദി ഓപ്പറേറ്ററില്‍ താന്‍ ഭാഗമായ നാനൂറോളം ഓപ്പറേഷനുകളെ കുറിച്ചുള്ള വിവരണവും നല്‍കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.