ഗാന്ധി നഗര്‍: 1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസറും നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്. ജാംനഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു പൊലീസ് ഓഫീസറായ പ്രവീണ്‍ സിന്‍ഹ് സാലയ്ക്കും ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. കൊലപാതക വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്.

കേസിലെ പ്രതികളായ മറ്റു അഞ്ചു പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷ ഉടന്‍ വിധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മധു മേത്ത പറഞ്ഞു. അഡ്വാനിയുടെ രഥയാത്രയെ തുടര്‍ന്നുണ്ടായ കലാപ വേളയിലാണ് കേസിനാസ്പദമായ സംഭവം.

Read More: 20 വർഷം മുൻപത്തെ കേസിൽ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സിഐഡി സംഘം കസ്റ്റഡിയിലെടുത്തു

സംഭവം നടക്കുമ്പോള്‍ ജാംനഗര്‍ എഎസ്‌പിയായിരുന്നു സഞ്ജീവ് ഭട്ട്. നഗരത്തില്‍ വര്‍ഗീയ ലഹള നടക്കുന്ന സമയം 150 ഓളം പേരെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്തെന്നും അതില്‍ ഒരാള്‍ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച ശേഷം ആശുപത്രിയില്‍വച്ച് മരിച്ചെന്നുമാണ് കേസ്. പ്രഭുദാസ് വൈഷ്നനി എന്നയാളാണ് വൃക്ക പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരിച്ചത്. സഞ്ജീവ് ഭട്ട് മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് സഞ്ജീവ് ഭട്ടിനും മറ്റ് ആറു പൊലീസുകാര്‍ക്കുമെതിരെ കേസെടുത്തു.

കേസില്‍ പുതിയ 11 സാക്ഷികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. പുതിയ സാക്ഷികളെ വിസ്തരിച്ചാല്‍ തനിക്ക് നീതി നിഷേധിക്കപ്പെടുമെന്ന സഞ്ജീവിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയെ ഗുജറാത്ത് പൊലീസ് എതിര്‍ത്തു. കേസ് വൈകിപ്പിക്കാന്‍ ഭട്ട് മനഃപൂര്‍വം ശ്രമിക്കുകയാണെന്ന് ഗുജറാത്ത് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook