കൊൽക്കത്ത: ബിജെപി അംഗത്വം സീകരിക്കുകയും പിന്നീട് 24 മണിക്കൂർ കഴിഞ്ഞ് രാജിവയ്ക്കുകയും ചെയ്ത്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ. രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊൽക്കത്ത മൈതാനിലെ മിഡ്ഫീൽഡ് ജനറൽ എന്നറിയപ്പെടുന്ന താരമാണ് മെഹ്താബ്. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അതാണ് രാഷ്ട്രീയം ഉപേക്ഷിക്കാൻ കാരണമെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Read More: സുവർണാവസരം; ഇന്ത്യയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ചൊവ്വാഴ്ചയാണ് ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റനായിരുന്ന മെഹ്താബ് ഹുസൈന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പാര്‍ട്ടി പതാക കൈമാറിയത്. ബിജെപിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വച്ച് ഭാരത് മാതാ കി ജയ് മുദ്രാവാക്യത്തിന്റെ അകമ്പടിയോടെയാണ് പതാക കൈമാറിയത്.
“എനിക്ക് ഇന്ന് മുതൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. എന്റെ ഈ തീരുമാനത്തിന് എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാൻ ക്ഷമ ചോദിക്കുന്നു,” ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
“ഈ തീരുമാനം എടുക്കാൻ ആരും എന്നെ നിർബന്ധിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്.”
ഇന്ത്യക്കായി 30 മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്ത ഹുസൈൻ, കൂടുതൽ ആളുകളിലേക്ക് എത്താൻ ആഗ്രഹിക്കുന്നതിനാലാണ് താൻ രാഷ്ട്രീയത്തിൽ ചേർന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.
“ഈ കഷ്ടത നിറഞ്ഞ കാലത്ത്, ഞാൻ ജനങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിച്ചു. അവരുടെ നിസ്സഹായ മുഖങ്ങൾ എന്റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ് ഞാൻ പെട്ടെന്ന് രാഷ്ട്രീയത്തിൽ ചേർന്നത്. എന്നാൽ ആർക്കുവേണ്ടിയാണോ ഞാൻ രാഷ്ട്രീയത്തിൽ ചേർന്നത്, അവർ തന്നെ എന്നോട് പറഞ്ഞു ഒരു രാഷ്ട്രീയക്കാരനായി എന്നെ കാണാൻ ആഗ്രഹിക്കുന്നില്ല എന്ന്.”
2018-19 സീസണിൽ മോഹൻബാഗനുവേണ്ടി കളിച്ചതിന് ശേഷം ഫുട്ബോൾ ഉപേക്ഷിച്ച ഹുസൈൻ, താൻ രാഷ്ട്രീയത്തിൽ ചേർന്നപ്പോൾ ഭാര്യയ്ക്കും കുട്ടികൾക്കും പോലും വിഷമമുണ്ടായെന്നും പറഞ്ഞു.
“എന്റെ ആരാധകർ എനിക്ക് നൽകിയ” മിഡ്ഫീൽഡ് ജനറൽ ” എന്ന പദവി മറ്റേതൊരു സ്ഥാനത്തേക്കാളും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്. ആരോടും വിദ്വേഷമോ ദേഷ്യമോ ശത്രുതയോ ഇല്ല,” അദ്ദേഹം പറഞ്ഞു.
എന്നാൽ, പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ഭീഷണി മൂലമാണ് മെഹ്താബ് ഹുസൈൻ രാഷ്ട്രീയം ഉപേക്ഷിച്ചത് എന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആരോപിച്ചു.