കെയ്റോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹോസ്‌നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. ഈജിപ്തിൽ മൂന്ന് ദശാബ്ദത്തോളം അധികാരത്തിലിരുന്ന മുബാറാക് 2011 ഫെബ്രുവരി 11-ന് അധികാരഭ്രഷ്ടനായിരുന്നു. 18 ദിവസം നീണ്ട ജനകീയ പ്രക്ഷോഭമായ അറബ് വസന്തത്തെത്തുടര്‍ന്നാണ് അധികാരമൊഴിഞ്ഞത്.
മുബാറക് അന്തരിച്ച വിവരം ഈജിപ്തിന്റെ ദേശീയ ടിവിയാണ് പുറത്ത് വിട്ടത്. സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ജനുവരി അവസാനം അദ്ദേഹം ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു.
Read Also:സിഎഎ അക്രമം ഇന്ത്യയുടെ ആഭ്യന്തര വിഷയം, മോദിയുമായി ചർച്ച ചെയ്തില്ല: ട്രംപ്
അറബ് വസന്തകാലത്ത് പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് ശിക്ഷയില്‍ ഇളവ് നല്‍കി. 2017 മാര്‍ച്ചില്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കി.
1928-ല്‍ ജനിച്ച മുബാറക് വ്യോമസേനയില്‍ ചേര്‍ന്നു. 1973-ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ പ്രധാനപങ്കുവഹിച്ചു. പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്തിന്റെ വധത്തെത്തുടര്‍ന്ന് 1981-ലാണ് മുബാറക് അധികാരത്തിലെത്തിയത്.
മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം പ്രസിഡന്റായിരുന്നുവെങ്കിലും ടുണീഷ്യയില്‍ മൊട്ടിട്ട അറബ് വസന്തം ഈജിപ്തിലേക്കും വ്യാപിച്ചതിനെത്തുടര്‍ന്ന് മുബാറക്കിന് അധികാരം നഷ്ടമായി. തുടര്‍ന്ന് തിരഞ്ഞെടുപ്പിലൂടെ മുഹമ്മദ് മോഴ്‌സി പ്രസിഡന്റായി.