ന്യൂഡൽഹി: ആഷസ് ടെസ്റ്റിന്റെ ഒത്തുകളി വിശദാംശങ്ങൾ വെളിവാക്കാൻ പണം ആവശ്യപ്പെട്ട് ക്രിക്കറ്റ് മുൻ ജൂനിയർ താരം സോബേഴ്സ് ജോബൻ. ഓസ്‌ട്രേലിയയിലെ പെർത്തിൽ വ്യാഴാഴ്ച ആരംഭിച്ച ആഷസ് ടെസ്റ്റിലെ ഒത്തുകളി പുറത്താക്കാൻ സോബേഴ്സ് ജോബിൻ പണം ആവശ്യപ്പെടുന്ന വിഡിയോ പുറത്തായി. സൺ ടാബ്ലോയിഡ് പത്രമാണ് ‘സ്റ്റിങ് ഓപ്പറേഷനി’ലൂടെ വാർത്ത പുറത്തു വിട്ടത്‌.

ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ 2 -0 നു ലീഡ് ചെയ്യുമ്പോഴാണ് ഒത്തുകളി ആരോപിക്കുന്ന വിഡിയോ പുറത്തായിരിക്കുന്നത്. ജൂനിയർ തലത്തിൽ ഹിമാചൽപ്രദേശിനെയും ഡൽഹിയെയും പ്രതിനിധീകരിച്ച ക്രിക്കറ്റ് താരമാണ് ജോബിൻ. ഐപിഎൽ മൽസരങ്ങളും ഓസ്‌ട്രേലിയയുടെ ടി 20 ലീഗ് മത്സരങ്ങളും ഒത്തു കളിക്കാൻ താൻ സഹായിച്ചിട്ടുണ്ടെന്നും ജോബിൻ വിഡിയോയിൽ പറയുന്നു. ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ക്രിക്കറ്റ് താരങ്ങളുമായി തനിക്കു അടുത്ത ബന്ധമുണ്ടെന്ന് ജോബിൻ വിഡിയോവിൽ വീരവാദം പറയുന്നുണ്ട്.

വിഡിയോ പുറത്തായി മണിക്കൂറുകൾക്കകം ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ക്രിക്കറ്റ് നേതൃത്വം വിഡിയോയിലെ വിശദാംശങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്ത് വന്നു. ഐസിസി നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്നും ഓസ്ട്രേലിയ അറിയിച്ചു. ബിസിസിഐ ഇതുവരെ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. അതേസമയം സോബേഴ്‌സ് ജോബൻ ഒരു മികച്ച കളിക്കാരനായിരുന്നില്ല എന്നും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാധുതയിൽ സംശയം തോന്നി പൊലീസ് അന്വേഷണം ആരംഭിച്ചതിനു ശേഷം ഇയാൾ കളി ഉപേക്ഷിച്ചതായും ഡൽഹി ക്രിക്കറ്റ് വൃത്തങ്ങൾ പറഞ്ഞു.

“തെറ്റുകാരനാണെങ്കിൽ ഐസിസി അവനെ തൂക്കിലേറ്റട്ടെ’. സംഭവത്തെ കുറിച്ച് പ്രതീകരിക്കവേ ജോബന്റെ പിതാവും 62 കാരനുമായ ബൽജിത് സിങ് പറഞ്ഞു. വികാസ്‌പൂരിൽ ലാൽ ബഹാദൂർ കോച്ചിങ് സെന്റർ എന്ന പേരിൽ ക്രിക്കറ്റ് പരിശീലന കേന്ദ്രം നടത്തുകയാണ് ഇദ്ദേഹം.

ഡൽഹിയിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചു വരികയായിരുന്നു മകനെന്ന് ബൽജിത് സിങ് പറയുന്നു. അവൻ നല്ല കളിക്കാരനായിരുന്നു. പൊലീസ് കേസിനു ശേഷം നാല് വർഷത്തോളമായി മകൻ ക്രിക്കറ്റ് കളിക്കാതായിട്ടെന്നും ബൽജിത് സിങ് പറഞ്ഞു.

ഒത്തുകളി നടക്കണമെങ്കിൽ 140,000 പൗണ്ട് ആവശ്യപ്പെടുന്നുണ്ട് വിഡിയോയിൽ ജോബൻ. ജോബിന്റെ കൂട്ടാളിയും ബിസിനസുകാരനുമായ പ്രിയങ്ക് സക്സേനയും വിഡിയോയിൽ വരുന്നുണ്ട്.

“മുഴുനീളൻ കയ്യുള്ള ബനിയൻ ഇട്ട് ബോൾ ചെയ്യുന്നത് ഒരു അടയാളമാണ്. ബോൾ ചെയ്യാൻ തുനിഞ്ഞതിനു ശേഷം പിന്മാറുന്നതും മറ്റൊരടയാളമാണ് “-വിഡിയോയിൽ ജോബിൻ പറയുന്നു.

ആഡംബര ജീവിതമായിരുന്നു ജോബിൻ നയിച്ചിരുന്നതെന്നു അയാളുടെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും, ആഡംബര ക്ലബുകളിൽ നിന്നുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ