ഫത്തേഹാബാദ്: ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മുന്‍ സൈനികന്റെ ഭാര്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 56 ഇഞ്ച് അളവിലുള്ള ബ്രാ അയച്ചുകൊടുത്തു. പ്രധാനമന്ത്രിയുടെ ധൈര്യത്തെ പുകഴ്ത്തി ബിജെപി നേതാക്കള്‍ അവകാശവാദം ഉന്നയിക്കാറുള്ള 56 ഇഞ്ച് നെഞ്ചളവിനെ പരിഹസിച്ചാണ് മുന്‍ സെനികന്റെ ഭാര്യയുടെ പ്രതിഷേധം.

ബിജെപി ഭരണത്തിലേറിയാല്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ ഭയപ്പെടുമെന്ന ബിജെപിയുടെ അവകാശവാദം മോദിക്ക് അയച്ച കത്തില്‍ ധര്‍മ്മവീര്‍ സിംഗിന്റെ ഭാര്യ സുമന്‍ സിംഗ് ഓര്‍മ്മിപ്പിച്ചു. മോദി പ്രധാനമന്ത്രിയായതിന് ശേഷം സ്ഥിതി കൂടുതല്‍ മോശമായെന്നും കത്തില്‍ പറയുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫത്തേഹാബാദിലെ ജില്ല സൈനിക കേന്ദ്രത്തില്‍ കത്തും ബ്രായും ഏല്‍പ്പിച്ചതായി ധര്‍മ്മവീര്‍ സിംഗ് വ്യക്തമാക്കി. 1991 മുതല്‍ 2007 വരെയാണ് താന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധം ഉള്ളതായും അദ്ദേഹം ഫത്തേഹാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തലയറുക്കപ്പെടാനും കല്ലേറ് ലഭിക്കാനുമല്ല ഓരോ സ്ത്രീയും മക്കളേയും ഭര്‍ത്താവിനേയും സഹോദരനേയും അതിര്‍ത്തികളിലേക്ക് അയക്കുന്നെന്ന് സുമന്‍ പറഞ്ഞു. ഇപ്പോള്‍ ആ 56 ഇഞ്ചുകാരന്‍ എവിടെ പോയെന്നും അവര്‍ ചോദിച്ചു. സൈന്യത്തെ കെട്ടിയിടാതെ പാകിസ്താനെ ആക്രമിക്കാന്‍ അനുവാദം നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയെ അപമാനിക്കാനാണ് തങ്ങള്‍ ഇത് ചെയ്തതെന്ന് തോന്നുന്നവര്‍ നമ്മളും അപമാനിക്കപ്പെടുകയല്ലേയെന്ന് ചിന്തിക്കണമെനന്ന് ധര്‍മ്മവീര്‍ പറഞ്ഞു. 2013ല്‍ ലാന്‍സ് നായിക് ഹേംരാജിന്റെ തലയറുക്കപ്പെട്ടപ്പോള്‍ ഇനിയൊരു സൈനികനും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരില്ലെന്ന് പറഞ്ഞ് ഭരണത്തിലേറിയവര്‍ എന്താണ് സൈന്യത്തിന് വേണ്ടി ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook