ഗുവാഹത്തി: അസമിലെ ഗോല്‍പരയിലെ തടവു കേന്ദ്രത്തില്‍ നിന്നും ജൂണ്‍ 8നാണ് മുഹമ്മദ് സനാഉല്ല മോചിതനാവുന്നത്. എന്നാല്‍ ആ തടവ് കേന്ദത്തിലേക്കുളള തന്റെ പ്രവേശനം ആ മുന്‍ സൈനികന്‍ ഒരിക്കലും മറക്കില്ല.
‘ഭീകരമായ ആ കവാടങ്ങള്‍ കടന്നപ്പോള്‍ ഞാന്‍ ആര്‍ത്തു കരഞ്ഞു. വീണ്ടും വീണ്ടും കരഞ്ഞു. എന്തു തെറ്റാണ് ഞാന്‍ ചെയ്തതെന്ന് അറിയില്ലായിരുന്നു എനിക്ക്. പതിറ്റാണ്ടുകള്‍ കുപ്‌വാരയിലെ നിയന്ത്രണരേഖയിലടക്കം രാജ്യത്തിന് കാവലാളായവനാണ് ഞാന്‍. എന്നിട്ടും ഒരു അനധികൃത വിദേശിയെ പോലെ എന്നെ തടവിലാക്കിയിരിക്കുന്നു;- തന്റെ ജയില്‍ നാളുകള്‍ ഓര്‍ത്തെടുക്കവെ മുഹമ്മദ് സനാഉല്ല വികാരാധീനനായി. സൈനികനായി സേവനമനുഷ്ഠിച്ചിട്ടും വിദേശിയെന്നു മുദ്രകുത്തി ജയിലിലടച്ച സനാഉല്ല ഈയിടെയാണ് ജയില്‍ മോചിതനായത്.
‘ഞാന്‍ മുപ്പത് വര്‍ഷം സൈനികനായി സേവനമനുഷ്ഠിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ജമ്മു കശ്മീര്‍, ആന്ധ്രപ്രദേശ്, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥനങ്ങളിലെല്ലാം ഞാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ ധൈര്യപൂര്‍വ്വം ഞാന്‍ എന്റെ രാജ്യത്തെ പ്രതിരോധിച്ചു. ഞാന്‍ ഇന്ത്യക്കാരനാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. എന്റെ കേസില്‍ നീതി കിട്ടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
1987 മെയ് 21നാണ് സനാഉല്ല സൈന്യത്തില്‍ ചേരുന്നത്. 2014ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച സനാഉല്ലയെ, ഓണററി ലഫ്റ്റനന്റായും സൈന്യം ആദരിച്ചിരുന്നു. വിരമിച്ച ശേഷം സനാഉല്ല അസം പൊലീസിന്റെ ബോര്‍ഡര്‍ വിങ്ങില്‍ ചേര്‍ന്നു. സൈന്യത്തിലിരിക്കെ കാര്‍ഗില്‍ യുദ്ധത്തിലും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരെ നടന്ന സൈനികനടപടിയിലും പങ്കെടുത്തയാളാണ് ഇദ്ദേഹം. എന്നാല്‍, ദേശീയ പൗരത്വ പട്ടികയുടെ രൂപത്തില്‍ ജീവിതത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹത്തിന് ബ്രാന്‍ഡ് വരികയായിരുന്നു.
Read More: കഴുത്തറ്റം വെള്ളത്തില്‍ നിന്ന് ദേശീയ പതാകയ്‌ക്ക് സല്യൂട്ട് ചെയ്‌ത ആ ബാലനും പൗരത്വ പട്ടികയിലില്ല
‘മെയ് 28ന് ഡിഎസ്‌പി എന്നെ ഗുവാഹത്തി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തടവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. ആ രാത്രി മുഴുവന്‍ ഞാന്‍ അവിടെയിരുന്നു. ഒന്നു കിടക്കുക പോലും ചെയ്യാതെ. അടുത്ത ദിവസം ഏതാണ്ട് വൈകീട്ട് ഏഴുമണിയോടെ എന്നെ ഗോല്‍പാരയിലെ തടവറയിലെത്തിച്ചു. നാല്‍പതോളം ആളുകളോടൊപ്പം എന്നെ അവിടെ തടവില്‍ പാര്‍പ്പിച്ചു. എനിക്കവര്‍ രണ്ട് ബ്ലാങ്കറ്റുകളും ഒരു കൊതുകുവലയും ഒരു പ്ലേറ്റും ഗ്ലാസും തന്നു,’ സനാഉല്ല ഓര്‍ക്കുന്നു.
തന്റെ കൂടെയുള്ള തടവുകാരുമായി സംസാരിച്ചപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്ന് സനാഉല്ല പറയുന്നു. സ്‌കൂളിന്റെ പടി പോലും കാണാത്തവരാണ് അവരില്‍ പലരും. അങ്ങേയറ്റം ദരിദ്രരും. പലരും എട്ടും ഒമ്പതും വര്‍ഷമായി തടവില്‍ കഴിയുന്നവരാണ്. നല്‍ബാരി ജില്ലയില്‍ നിന്നുള്ള 65കാരനുണ്ട്. അയാള്‍ ഒമ്പതു വര്‍ഷമായി ജയിലിലാണ്. പേര് എഴുതുമ്പോള്‍ അക്ഷരത്തെറ്റ് വന്നതും പലരേഖകളിലും വയസും മറ്റും വൈരുധ്യമായതുമൊക്കെയാണ് വിദേശിയെന്നു മുദ്രകുത്തി ഇവരെ തടവിലിടാന്‍ കാരണം- സനാഉല്ല ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലര്‍ക്കും കേസ് നടത്താന്‍ പണമില്ല. ബസിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ പലരേയും ബന്ധുക്കള്‍ കാണാന്‍ വരാറു പോലുമില്ല. 18നും 30നും ഇടയ്ക്ക് പ്രായമുള്ളവരും ഇവിടെയുണ്ട്. അവര്‍ വിദേശികളും അവരുടെ രക്ഷിതാക്കള്‍ സ്വദേശികളുമാണെന്നതാണ് അതിശയം- സനാഉല്ല പറഞ്ഞു.
ഇവരെല്ലാം പുറത്തു വന്നാല്‍ അത്ര ജോലിയൊന്നും അവര്‍ക്ക് ലഭിച്ചെന്നു വരില്ല. എന്നാലും അവരുടെ കുടുംബത്തോടൊപ്പം കഴിയാമല്ലോ. ഒരുനേരത്തെ ഭക്ഷണമെങ്കില്‍ അത് കുടുംബത്തോടൊപ്പം കഴിക്കാമല്ലോ- സനാഉല്ല നെടുവീര്‍പ്പിട്ടു.
സനാഉല്ലയെ ജയിലിലടക്കുന്നതിലേക്കു നയിച്ച റിപ്പോര്‍ട്ട് വ്യാജമാണെന്ന പരാതി നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്. വിദേശിയെന്നു മുദ്രവീണതിനെത്തുടര്‍ന്ന് ജയിലിലായതോടെ സനാഉല്ലക്ക് അസം പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോലി നഷ്ടമാവുകയും പൊലീസ് യൂണിഫോമുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ബംഗ്ലാദേശ് നിലവില്‍വന്ന 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പായി ഇന്ത്യയിലെത്തിയതിന്റെ രേഖകള്‍ തെളിയിക്കാന്‍ കഴിയാത്തവരെ വിദേശികളായി മുദ്രകുത്തുന്ന പൗരത്വ രജിസ്റ്റര്‍ സംവിധാനം നിലവില്‍ വന്നതോടെ അസമില്‍ ലക്ഷക്കണക്കിനുപേരാണ് പൗരത്വപട്ടികയില്‍ ഇടംപിടിക്കാനായി നെട്ടോടമോടുന്നത്. രണ്ടുവര്‍ഷം മുന്‍പ് പുറത്തുവിട്ട പൗരത്വപട്ടികയില്‍ നാല്‍പ്പതുലക്ഷത്തോളം പേരാണ് പുറത്തുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ബംഗാളി ഹിന്ദുക്കളാണെങ്കിലും, മുസ്‌ലിമേതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം എളുപ്പമാക്കുന്ന നിയമം ഉള്ളതിനാല്‍ ബംഗാളി ഹിന്ദുക്കള്‍ക്ക് കാര്യമായ ആശങ്കയില്ല. എന്നാല്‍, പട്ടികയിലെ ലക്ഷക്കണക്കിന് വരുന്ന ബംഗാളി മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാവും. ബംഗ്ലാദേശ് പൗരത്വം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അവരെ ബംഗ്ലാദേശും ഏറ്റെടുക്കില്ല.