ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ കിലോമീറ്ററുകൾ മാത്രം ദൂരെയുളള സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിയത് 48 മണിക്കൂർ സമയമെടുത്ത്. തിരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. വോട്ടിങ് മെഷീനുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ ഭൂപേന്ദ്ര സിങിന്റെ ഹോട്ടലിൽ തങ്ങിയെന്നാണ് ആരോപണം.
രജിസ്റ്റര്‍ നമ്പറില്ലാത്ത ബസിലാണ് വോട്ടെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഈ ബസ് ഭൂപേന്ദ്ര സിങിന്റെ ഹോട്ടലിലേക്കാണ് പോയത്. ബിജെപിയുടെ വിജയം ഉറപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.
എന്നാൽ 48 മണിക്കൂർ കഴിഞ്ഞ് സൂക്ഷിപ്പു കേന്ദ്രത്തിലെത്തിയത് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിങ് മെഷീനുകളല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എന്തെങ്കിലും തകരാർ സംഭവിച്ചാൽ പകരം ഉപയോഗിക്കാനായി കൊണ്ടുവന്നവയാണ് ഇവ. വോട്ടെടുപ്പിന് ഉപയോഗിച്ചവയും ഉപയോഗിക്കാത്തവയും പ്രത്യേകം സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വിശദീകരിച്ചു.
കോണ്‍ഗ്രസിന്റെ ആരോപണങ്ങളോട് ബിജെപി പ്രതികരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷനാണ് അക്കാര്യത്തിൽ പ്രതികരിക്കേണ്ടതെന്ന വാദമാണ് ബിജെപി ഉയർത്തിയത്.