അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വൻ തോതിൽ വോട്ടിങ് മെഷീനുകൾ അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണത്തിനെതിരെ മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ. “വോട്ടിങ് മെഷീനുകൾ റോബോട്ടുകളെ പോലെ പ്രവർത്തിക്കുന്നവയാണ്, അവയെ തിരുത്താൻ സാധിക്കില്ല. മനുഷ്യരെയാണ് സൂക്ഷിക്കേണ്ടത്”, ടി.എസ്.കൃഷ്ണമൂർത്തി പറഞ്ഞു.

വോട്ടിങ് മെഷീൻ സ്ഥാപിച്ചത് മുതൽ തോൽക്കുന്നവരാണ് ഈ പരാതി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ മുൻകാല ചരിത്രം നോക്കൂ, തോറ്റവരാണ് ഈ പരാതി ഉന്നയിച്ചത്. നേരത്തേ ജയലളിതയും അമരീന്ദർ സിങ്ങുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ അവർ ജയിച്ചപ്പോഴോ ഒരു പരാതിയും ഉണ്ടായില്ല”, അദ്ദേഹം പിടിഐയോട് പറഞ്ഞു.

“ആരെങ്കിലും ഇക്കാര്യം തെളിയിക്കുന്നത് വരെ, ബാലറ്റ് പേപ്പറുകളേക്കാൾ വിശ്വസിക്കാവുന്നത് വോട്ടിങ് യന്ത്രങ്ങൾ തന്നെയാണെന്ന് ഞാൻ പറയും.” കൃഷ്ണമൂർത്തി പറഞ്ഞു. “മുൻപ് ബാലറ്റ് പെട്ടികൾ ആളുകൾ എടുത്തുകൊണ്ട് പോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇപ്പോൾ അങ്ങിനെയില്ല”, അദ്ദേഹം ചൂണ്ടിക്കാട്ടി.

“അക്ഷരമാല ക്രമത്തിലാണ് വോട്ടിങ് മെഷീനുകളിൽ പേര് രേഖപ്പെടുത്തുന്നത്. ഒരു പ്രത്യേക പാർട്ടിക്കായി അതിൽ ആനുകൂല്യം ഇല്ല. പിന്നെങ്ങിനെയാണ് അട്ടിമറിക്കാൻ സാധിക്കുക. ഏതെങ്കിലും സ്ഥാനം ഒരു പ്രത്യേക പാർട്ടിക്കായി ലഭിച്ചിട്ടല്ലല്ലോ. പിന്നെന്ത് അടിസ്ഥാനമാണ് ഈ വാദങ്ങൾക്ക്?” എന്നും അദ്ദേഹം ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ