ന്യൂഡല്‍ഹി: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടന്നെന്ന അമേരിക്കന്‍ ഹാക്കറുടെ ആരോപണത്തിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മീഷന് ഡല്‍ഹി പോലീസില്‍ പരാതി നല്കി. വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന് പോലീസിനെ സമീപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന് ലണ്ടനില്‍ സംഘടിപ്പിച്ച ‘ഹാക്കത്തോണ്‍’ എന്ന പരിപാടിലാണ് സെയ്ദ് സുജ എന്ന ഹാക്കര്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്നായിരുന്നു പ്രധാന ആരോപണം. വീഡിയോ കോളിങ് ആപ്പ് ആയ സ്കൈപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇവിഎമ്മില്‍ ഹാക്കിങ് നടത്താന്‍ റിലയന്‍സ് ജിയോ ബിജെപിയെ സഹായിച്ചതായും ഹാക്കര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് യന്ത്രം ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വന്‍സി സിഗ്നലുകള്‍ റിലയന്‍സിന്റെ ജിയോയാണ് നല്‍കിയതെന്നും ഹാക്കിങ്ങിനെ കുറിച്ച് അറിയാമായിരുന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നും ഹാക്കര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സ്പോണ്സര് ചെയ്ത പരിപാടിയാണ് ഹാക്കത്തോണ്‍ എന്നായിരുന്ന രവി ശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം.
ലണ്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിദ്ധ്യത്തെയും രവി ശങ്കര്‍ പ്രസാദ് ചോദ്യം ചെയ്തു. പരിപാടിക്കു മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കപില്‍ സിബല്‍ ലണ്ടനു പോവുകയായിരുന്നുവെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്ന തോല്‍വിക്ക് ഇപ്പോളേ കാരണങ്ങള്‍ കണ്ടെത്തുകയാണ് കോണ്‍ഗ്രസെന്നും രവി ശങ്കര്‍ പ്രസാദ് പരിഹസിച്ചു.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. 2014ലെ ജനവിധിയെ കോണ്‍ഗ്രസ് അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.