ന്യൂഡല്‍ഹി: എസ് -400 ട്രയംഫ് മിസൈലുകള്‍ ഇന്ത്യക്കു കൈമാറാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതു പോലെ നടക്കുന്നുണ്ടെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ബ്രിക്‌സ് ഉച്ചകോടി സമാപനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”എസ് -400 മിസൈലുകള്‍ ഇന്ത്യയ്ക്കു കൈമാറുന്നതു സംബന്ധിച്ച നടപടികള്‍ ആസൂത്രണം ചെയ്തതനുസരിച്ച് നടക്കുന്നുണ്ട്. ഇതിനാല്‍ എന്തെങ്കിലും വേഗത്തിലാക്കാന്‍ ഇന്ത്യന്‍ സഹപ്രവര്‍ത്തകന്‍ (നരേന്ദ്ര മോദി) ആവശ്യപ്പെട്ടിട്ടില്ല,” പുടിന്‍ പറഞ്ഞു.
ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്ളാഡിമിര്‍ പുടിനും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം മേയില്‍ നടക്കുന്ന വിജയ ദിനാഘോഷത്തിലേക്ക് അദ്ദേഹം മോഡിയെ ക്ഷണിച്ചിട്ടുണ്ട്.
കരയില്‍നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന ലോകത്തെ ഏറ്റവും ആധുനിക മിസൈല്‍ സംവിധാനമാണ് എസ് -400 ട്രയംഫ്. വിമാനങ്ങള്‍, കൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ നശിപ്പിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ചശേഷിയുള്ള എസ് -400നു 400 കിലോമീറ്റര്‍ അകലത്തിലും 30 കിലോമീറ്റര്‍ ഉയരത്തിലുമുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ കഴിയും.
എസ്-400 മിസൈല്‍ വാങ്ങാന്‍ 2015 ലാണ് ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞവര്‍ഷം പുടിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും 543 കോടി യുഎസ് ഡോളറിന്റെ കരാറില്‍ ഒപ്പിട്ടത്.
അമേരിക്കയുടെ ഉപരോധ ഭീഷണികളെ അവഗണിച്ചാണ് ഇന്ത്യ എസ്-400 മിസൈല്‍ സംവിധാനം വാങ്ങാന്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ടത്. റഷ്യയില്‍നിന്ന് ആയുധങ്ങളും സൈനികോപകരണങ്ങളും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി.
റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിരോധ വാങ്ങസലുകള്‍ നിയന്ത്രിക്കുന്ന നിയമപ്രകാരം എസ് -400 ഇടപാടിന് ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയ്ക്കു നല്‍കിയ മുന്നറിയിപ്പ്.
എന്നാല്‍ മറ്റു രാജ്യങ്ങളുമായി ഇടപെടുമ്പോള്‍ ഇന്ത്യ ദേശീയ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നു വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ജൂണില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിക്കു മറുപടി നല്‍കിയിരുന്നു.