/indian-express-malayalam/media/media_files/uploads/2023/04/NarendraModi.jpg)
Photo: Facebook/ NarendraModi
ന്യൂഡൽഹി: ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ തീരുമാനം എടുത്തതെന്നും, എല്ലാ നടപടികളും സ്വീകരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ ഇനിയും കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
'വിശേഷ് ജനസമ്പർക്ക അഭിയാൻ' എന്ന പേരിൽ ഒരുമാസം നീളുന്ന നിരവധി പരിപാടികളാണ് ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാജസ്ഥാനിലെ അജമേറിൽ സംഘടിപ്പിക്കുന്ന റാലിയിൽ മോദി സംസാരിക്കും. ഓരോ മണ്ഡലത്തിലും കേന്ദ്രമന്ത്രിമാർ മുതൽ പ്രാദേശിക നേതാക്കൾ വരെയുള്ളവർ കുടുംബങ്ങളെ സന്ദർശിച്ച് കേന്ദ്ര വികസന പ്രവർത്തനങ്ങൾ വിശദീകരിക്കും.
Today, as we complete 9 years in service to the nation, I am filled with humility and gratitude. Every decision made, every action taken, has been guided by the desire to improve the lives of people. We will keep working even harder to build a developed India. #9YearsOfSeva
— Narendra Modi (@narendramodi) May 30, 2023
കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ഇന്നലെ രാജ്യവ്യാപകമായി സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം, ഇന്ത്യയുടെ വളർച്ച കൂടിയിട്ടുണ്ടെന്നും രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ശക്തിപ്പെട്ടിട്ടുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്രത്തിന്റെ ക്ഷേമ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പരമാവധി നേട്ടങ്ങൾ യുപിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി മൻഷുഖ് മാണ്ഡവ്യ കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി രാജ്യത്തെ വിവിധ ദിശകളിൽ വിജയകരമായി മുന്നോട്ട് നയിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ജനങ്ങളുടെ ക്ഷേമത്തിനായി വിപ്ലവകരമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഒമ്പത് വർഷത്തെ ബിജെപി ഭരണത്തിൽ വളർച്ചയുടെയും അതിവേഗ വികസനത്തിന്റെയും പുതിയ അധ്യായം രചിക്കപ്പെട്ടതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ രാജ്യം പുതിയ ഉയരങ്ങൾ തൊടുകയാണെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും കേന്ദ്ര ജൽ ശക്തി മന്ത്രി അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.