ന്യൂഡൽഹി: റയിൽവേയുടെ സമസ്ത മേഖലകളിലും പരിഷ്കാരം ആവശ്യമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുംബൈയിൽ എൽഫിൻസ്റ്റൺ റയിൽവേ സ്റ്റേഷനിലെ നടപ്പാലത്തിൽ 23 പേർ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ട്വിറ്ററിൽ വേറെയും അനവധി വിഷയങ്ങളിലെ തന്റെ നിലപാട് രാഷ്ട്രപതി വ്യക്തമാക്കിയിരുന്നു. “മുംബൈയിൽ താമസിക്കുന്നവർ ഏറെ ആശ്രയിക്കുന്ന ഒന്നാണ് റയിൽവേ സേവനങ്ങൾ. ആ നിലയ്ക്ക് ഇവിടുത്തെ റയിൽവേ വികസനത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എല്ലാ മേഖലകളിലും പരിഷ്കാരം ആവശ്യമാണ്”, അദ്ദേഹം പറഞ്ഞു.

23 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രാഷ്ട്രപതി ദു:ഖം രേഖപ്പെടുത്തി. കനത്ത മഴയെ തുടർന്ന് എൽഫിൻസ്റ്റൺ റയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങാതെ നടപ്പാലത്തിൽ തന്നെ നിന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ