Latest News

‘സാക്ഷാല്‍ ശ്രീരാമന് പോലും സ്ത്രീപീഡനം തടയാനാവില്ല’; ബിജെപി എംഎല്‍എ

ഭരണഘടനയിലൂടെ സ്ത്രീപീഡനം തടയാന്‍ പറ്റില്ലെന്ന് സുരേന്ദ്ര സിങ്

ലക്‌നൗ: രാജ്യത്തെ സ്ത്രീപീഡനം വര്‍ധിക്കാന്‍ കാരണം മൊബൈല്‍ ഫോണുകളും രക്ഷിതാക്കളും ആണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ശ്രീരാമന് പോലും രാജ്യത്തെ സ്ത്രീപീഡനം തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബൈരിയയില്‍ നിന്നുളള ബിജെപി എംഎല്‍എയാണ് ഇദ്ദേഹം.

‘സാക്ഷാല്‍ ശ്രീരാമന് പോലും സ്ത്രീപീഡനങ്ങള്‍ തടയാനാവില്ലെന്ന് എനിക്ക് ഉറപ്പു പറയാനാവും. ആരും ഇതിന്റെ സ്പര്‍ഷം ഏല്‍ക്കാതിരുന്നിട്ടില്ല. മറ്റുളളവരെ സ്വന്തം കുടുംബത്തെ പോലേയും സഹോദരിയെ പോലേയും കാണേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഭരണഘടനയിലൂടെ ഇത് തടയാന്‍ പറ്റില്ല, മൂല്യങ്ങളിലൂടെ മാത്രമേ അത് സാധ്യമാവുകയുളളൂ’, സിങ് പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാളും നല്ലത് ലൈംഗികത്തൊഴിലാളികളാണെന്ന് പറഞ്ഞ് നേരത്തേ വിവാദം സൃഷ്ടിച്ചയാളാണ് സുരേന്ദ്ര സിങ്. കൈക്കൂലി ചോദിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാളും നല്ലത് ലൈംഗിക തൊഴിലാളികളാണ്. അവര്‍ കിട്ടുന്ന പണത്തിന് പണിയെടുത്ത് വേദിയില്‍ നൃത്തം ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയിട്ട് പോലും പണി എടുക്കില്ല. പണി എടുക്കുമോ എന്ന് ഒരുറപ്പും ഇവരുടെ കാര്യത്തിലില്ല’, സുരേന്ദ്ര സിങ് പറഞ്ഞു.

നേരത്തേയും വിവാദമായ പരാമര്‍ശങ്ങളിലൂടെ ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കയ്‌രാനയിലും നൂര്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റത് യോഗി മന്ത്രിസഭയുടെ പിടിപ്പുകേടാണെന്ന് അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. ബിജെപി നേതാക്കള്‍ മണ്ടത്തരം പറയുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയും അദ്ദേഹം പരാമര്‍ശങ്ങള്‍ തുടര്‍ന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Even lord ram cant stop rapes uttar pradesh bjp lawmaker

Next Story
ജപ്പാനില്‍ കനത്ത മഴയിലും മണ്ണിടിച്ചിലും 54 പേര്‍ മരിച്ചു; ആശുപത്രിയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com