ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. നരേന്ദ്ര തെരഞ്ഞെടുപ്പ് പ്രചരണ വേളയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെന്നും രാജ്യത്തെ മതങ്ങളുടെ വേലി കൊണ്ട് തരംതിരിക്കുകയാണ് മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപ്രതീക്ഷിതമായി നോട്ട് അസാധുവാക്കിയതിലൂടെ 125 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണം. മഹാത്മാഗാന്ധി തന്റെ ജീവന്‍ വെടിഞ്ഞത് രാജ്യത്തിനുവേണ്ടിയാണ്. ഇന്ദിരാ ഗാന്ധിയും സ്വന്തം രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരാണ്. നിങ്ങളുടെ വീട്ടില്‍ നിന്ന് ആരാണ് വന്നിട്ടുള്ളത്. ഒരു പട്ടിപോലും വന്നില്ലെന്നും ബിജെപിക്കെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചു.
ഖാര്‍ഗെയുടെ ‘പട്ടി’ പരാമര്‍ശത്തില്‍ ലോക്സഭ ബഹളമയമായി. ഖാര്‍ഗെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും ഖാര്‍ഗെ കൂട്ടാക്കിയില്ല. നല്ല വാക്ചാതുര്യത്തോടെ മോദി പ്രസംഗം നടത്താറുണ്ട്. എന്നാല്‍ നല്ല പ്രസംഗം കൊണ്ട് ജനങ്ങളുടെ വയര്‍ നിറയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ അവകാശം സ്വന്തമാക്കരുതെന്നും അദ്ദേഹം മോദിയെ ഓര്‍മ്മിപ്പിച്ചു.
താങ്കള്‍ മാത്രമല്ല സൈന്യത്തിനൊപ്പം രാജ്യത്തിലെ മൊത്തം ജനത സൈനികര്‍ക്കൊപ്പമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഇ അഹമ്മദിന്റെ മരണവിവരം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വന്ന വീഴ്ച്ചയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ ലോക്സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചു.