അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു; 107 ഇന്ത്യക്കാരെ കൂടി തിരികെ എത്തിച്ചു

” അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിലുള്ള സാഹചര്യം ഞങ്ങൾ കണ്ടിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെ നിർമ്മിച്ചെടുത്ത സർക്കാർ പോലും നാമാവശേഷമായി,” അഫ്ഘാനിലെ എംപി നരീന്ദർ സിങ് ഖൽസ പറഞ്ഞു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 യാത്രക്കാരുമായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഇന്ത്യക്കാർക്കൊപ്പം അഫ്ഗാനിസ്ഥാൻ പൗരന്മാരും ഡൽഹിയിലെത്തിയവരിൽ ഉൾപ്പെടുന്നു. സിഖ്, ഹിന്ദു സമുദായങ്ങളിൽ നിന്നുള്ള അഫ്ഗാനിസ്താൻ പൗരന്മാരാണ് ഇവരിൽ ഭൂരിപക്ഷവും. അഫ്ഘാനിസ്താനിലെ ന്യൂനപക്ഷ എംപിമാരായ നരീന്ദർ സിങ് ഖൽസയും അനാർക്കലി കൗർ ഹൊനാരിയറും അടക്കം 23 അഫ്ഗാൻ സിഖുകാർ തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നു.

അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിലുള്ള സാഹചര്യം തങ്ങൾ മുൻപെങ്ങും കണ്ടിട്ടില്ലെന്ന് നരീന്ദർ സിങ് ഖൽസ പറഞ്ഞു. ഡൽഹി വിമാനത്തവാളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഘാനിസ്താൻ വിടേണ്ട സാഹചര്യത്തെക്കുറിച്ച് വികാരാധീനനായാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്.

ഒരു എംപിയെന്ന നിലയിൽ തന്റെ രാജ്യം വിടുന്നതിനെക്കുറിച്ച് എന്തു തോന്നുന്നുവെന്ന് ചോദിച്ചപ്പോൾ, “അതാണ് എന്നെ കരയിപ്പിക്കുന്നത്,” എന്ന് അദ്ദേഹം മറുപടി നൽകി.

“അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിലുള്ള സാഹചര്യം ഞങ്ങൾ കണ്ടിട്ടില്ല. ഇപ്പോൾ എല്ലാം അവസാനിച്ചതായി കാണുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ നിർമ്മിച്ചെടുത്ത സർക്കാർ പോലും നാമാവശേഷമായി. ഇപ്പോൾ എല്ലാം പഴയതിലേക്ക് തിരിച്ചെത്തി, ”സിങ് മാധ്യമങ്ങളോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് 222 ഇന്ത്യക്കാരെ നേരത്തെ തിരിച്ചെത്തിച്ചിരുന്നു. തജിക്കിസ്ഥാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ എത്തിയത്. അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയിലെത്തിയ 135 പേരും, തജിക്കിസ്ഥാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ 87 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് നേപ്പാള്‍ പൗരന്മാരെയും ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അഫ്ഗാനില്‍ നിന്ന് തിരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. എയർ ഇന്ത്യ, ഇൻഡിഗോ ഫ്ലൈറ്റുകളുടെ രക്ഷാദൗത്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ ഭാരത് മാതാ കി ജയ് വിളിക്കുന്നു വീഡിയോകളും ബാഗ്ചി ട്വീറ്റ് ചെയ്തു.

ആദ്യത്തെ രണ്ട് ദൗത്യങ്ങളിലായ ഇരുനൂറോളം ഇന്ത്യക്കാരെയാണ് തിരികെ എത്തിച്ചത്. തിങ്കളാഴ്ച 40 പേരെയും ചൊവ്വാഴ്ച നയതന്ത്ര ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാര്‍ അടക്കം 150 പേരെയും ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അമേരിക്കയുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.

അതേസമയം, കാബൂള്‍ വിമാനത്താവളത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുകയാണ്. വിമാനത്തിലേക്കുള്ള യാത്ര മദ്ധ്യേ ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു വെച്ചെന്നും പിന്നീട് വിട്ടയച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തടഞ്ഞുവെച്ച ഇന്ത്യക്കാരെ കാബൂൾ വിമാനത്താവളത്തിന് സമീപമുള്ള അജ്ഞാത കേന്ദ്രത്തിൽ എത്തിച്ചു ചോദ്യം ചെയ്യുകയും യാത്ര രേഖകൾ പരിശോധിക്കുകയും ചെയ്‌തെന്നാണ് വിവരം.

Also Read: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കരുത്; താലിബാൻ ഫത്‌വ ഇറക്കിയതായി റിപ്പോർട്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Evacuation process of indians continues in afghan says mea

Next Story
തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകൾ; സ്കൂളുകളും കോളേജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express