ന്യൂഡല്‍ഹി: താലിബാന് നിയന്ത്രണത്തിലായതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണെന്നും ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനില്‍ തുടരുന്ന പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
31 പാര്‍ട്ടികളിലെ 37 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ അഫ്ഗാനിസ്ഥാനിലെ സാഹചര്യം വിശദമാക്കിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. “എല്ലാ പാർട്ടികൾക്കും സമാനമായ കാഴ്ചപ്പാടുകളായിരുന്നു, ദേശീയ ഐക്യത്തിന്റെ മനോഭാവത്തോടെയാണ് പ്രശ്നത്തെ സമീപിച്ചത്,” യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
“ആറ് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി തയാറാക്കിയിരിക്കുന്നത്. ഒരെണ്ണം ഇന്ന് രാവിലെ പുറപ്പെട്ടു. മിക്ക ഇന്ത്യക്കാരെയും തിരികെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരേയും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. കുറച്ചു പേര് ഇനിയും അഫ്ഗാനിസ്ഥാനിലുണ്ട്. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിച്ച അഫ്ഗാന് പൗരന്മാരെയും എത്തിക്കാന്‍ സാധിച്ചു. മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഈ വിസ സംവിധാനവും ഒരുക്കിയിട്ടുണ്ട്,” രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചവരുടെ കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ യോഗത്തില്‍ പങ്കു വച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 175 എംബസി ഉദ്യോഗസ്ഥര്‍, 263 ഇന്ത്യന്‍ പൗരന്മാര്, 112 അഫ്ഗാന് പൗരന്മാര്, പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെടാത്ത 15 പേരും ഇന്ത്യയില്‍ തിരച്ചെത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുമായുള്ള ശക്തമായ സൗഹൃദം അവിടെയുള്ള ഇന്ത്യയുടെ അഞ്ഞൂറിലധികം പദ്ധതികളിൽ പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. “ഈ സൗഹൃദം നമ്മെ നയിക്കുന്നത് തുടരും. ഇന്ത്യയുടെ കാൽപ്പാടുകളും പ്രവർത്തനങ്ങളും നിലവിലുള്ള മാറ്റങ്ങളും മനസിലുണ്ടാകും,” ജയശങ്കര്‍ വ്യക്തമാക്കി.
അമേരിക്കയുമായുള്ള ദോഹ കരാറിലെ വാഗ്ദാനങ്ങള്‍ താലിബാന് ലംഘച്ചതായും ചര്‍ച്ചയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷത്ത് നിന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍, മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി, ഡിഎംകെയുടെ ടി.ആർ ബാലു, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേൽ എന്നിവരും പങ്കെടുത്തു.
ഇത് രാജ്യത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും എല്ലാ പാർട്ടികളും ഒരേ വീക്ഷണമാണ് സ്വീകരിച്ചതെന്നും യോഗത്തിന് ശേഷം ഖാർഗെ പറഞ്ഞു. “ഒരു വനിത നയതന്ത്രജ്ഞയുടെ പ്രശ്നം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചു. വീഴ്ച സംഭവിച്ചതായും ഇനി ആവര്‍ത്തിക്കില്ല എന്നും അവര്‍ മറുപടി തന്നു,” ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Also Read: കാബൂളിൽ അഫ്ഗാൻ മാധ്യമപ്രവർത്തകനെ താലിബാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ