യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഫൈസർ ബയോഎൻടെക് കോവിഡ്-19 വാക്സിൻ ഉപാധികളോടെ ഉപയോഗിക്കാൻ അനുമതി നൽകാൻ ശുപാർശ ചെയ്ത് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ). ബ്രിട്ടണും യുഎസും വാക്സിനിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് യൂറോപ്യൻ യൂണിയന്റെ നടപടി.
തിങ്കളാഴ്ച നടന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിന് ശേഷമാണ് ഇഎംഎ, 16 വയസ്സിന് മുകളിലുള്ള ആളുകൾക്ക് വാക്സിൻ നൽകുന്നതിനു്ള്ള ലൈസൻസ് ഫൈസർ വാക്സിന് നൽകാൻ ചെയ്യാൻ ശുപാർശ ചെയ്തത്. “ഇത് ശരിക്കും ചരിത്രപരമായ ഒരു ശാസ്ത്രീയ നേട്ടമാണ്,” ഇഎംഎ മേധാവി എമർ കുക്ക് പറഞ്ഞു. “പകർച്ചവ്യാധിക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഇത്,” എന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ച് കൂടി ഈ തീരുമാനത്തിന് ഔപചാരിക അംഗീകാരം നൽകേണ്ടതുണ്ട്. “സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ യൂറോപ്യന്മാർക്ക് എത്തിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ നിർണ്ണായക നിമിഷമാണ് ഇഎംഎയുടെ അംഗീകാരം,” എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ട്വീറ്റ് ചെയ്തു,
“ഇപ്പോൾ ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കും. ഇന്ന് വൈകുന്നേരത്തോടെ ഒരു യൂറോപ്യൻ കമ്മീഷൻറെ തീരുമാനം ഞാൻ പ്രതീക്ഷിക്കുന്നു,” അവർ പറഞ്ഞു. ഇഎംഎയുടെ തീരുമാനം അംഗീകരിക്കുന്നതിന് ഇയുവിന്റെ എക്സിക്യൂട്ടീവ് വിഭാഗത്തിന് രണ്ടോ മൂന്നോ ദിവസം വേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഡിസംബർ 27 ന് ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജർമ്മനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും അധികാരികൾ അറിയിച്ചു.
“ബയോഎൻടെക്കിലുള്ള ഞങ്ങൾക്ക് പ്രത്യേകിച്ചും ഈ ദിവസം വ്യക്തിപരവും വൈകാരികവുമായ ദിവസമാണ്,” ബയോഎൻടെക്ക് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ഉഗുർ സാഹിൻ പറഞ്ഞു. “യൂറോപ്യൻ യൂണിയന്റെ ഹൃദയഭാഗമായതിനാൽ, ഈ വിനാശകരമായ പകർച്ചവ്യാധിയെ ചെറുക്കാൻ യൂറോപ്പിലെ ആദ്യത്തെ വാക്സിൻ വിതരണം ചെയ്യുന്നതിലേക്ക് ഒരു പടി അടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,”എന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് അനുകൂല പ്രതികരണം ലഭിച്ചാലുടൻ യൂറോപ്യൻ യൂണിയനിലുടനീളം പ്രാരംഭ വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്,” സാഹിൻ പറഞ്ഞു.
വാക്സിൻ എത്രയും വേഗം ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇയു അംഗ രാജ്യങ്ങൾ ഇഎംഎയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെകിന്റെ വാക്സിനിന്റെ മൂല്യനിർണയം ഡിസംബർ 29 ന് നടത്താമെന്ന് ഇഎംഎ നിശ്ചയിച്ചിരുന്നു. എന്നാൽ അടിയന്തര സാഹചര്യത്തിൽ കൂടുതൽ വേഗത്തിൽ നീങ്ങണമെന്ന് ജർമ്മൻ സർക്കാരിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിർദേശത്തെത്തുടർന്ന് ഇത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
കുറഞ്ഞത് 15 രാജ്യങ്ങളിൽ വാക്സിന് ഇതിനകം തന്നെ ഏതെങ്കിലും തരത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.
ബ്രിട്ടനും കാനഡയും യുഎസും വാക്സിൻ അടിയന്തിര വ്യവസ്ഥകൾക്കനുസൃതമായി ഉപയോഗിക്കാൻ അനുമതി നൽകി. വാക്സിൻ ഷോട്ടിന് ലൈസൻസില്ലെങ്കിലും കോവിഡ് രോഗവ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ അത് ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് ആണത്.
സാധാരണ ലൈസൻസിംഗ് നടപടിക്രമമനുസരിച്ച് ഫൈസർ / ബയോഎൻടെക് വാക്സിന് സ്വിറ്റ്സർലൻഡ് അംഗീകാരം നൽകിയിട്ടുണ്ട്.
ഇഎംഎ അംഗീകാരവും പതിവ് നടപടി ക്രമങ്ങൾ പ്രകാരമാണ്. മരുന്നു കമ്പനികൾ അവരുടെ വാക്സിൻ സംബന്ധിച്ച തുടർ വിവരങ്ങൾ അടുത്ത വർഷത്തേക്ക് സമർപ്പിക്കണം എന്ന വ്യവസ്ഥയിലാണ് അംഗീകാരം.