ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. തീവ്രവാദ പ്രവർത്തനത്തിലും തീവ്രവാദികൾക്ക് സാന്പത്തിക സഹായം ലഭ്യമാക്കുന്നത് തടയുന്നതിനും ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരുമിച്ചാകും പ്രവർത്തിക്കുക.

യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പങ്കുവച്ചത്. അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലടക്കം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും അഭിപ്രായങ്ങൾ പങ്കുവച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

തീവ്രവാദ വിരുദ്ധരംഗത്ത് പ്രവർത്തിക്കുന്ന ഇരു ഭാഗത്തെയും സ്ഥാപനങ്ങൾ ഇനി മുതൽ പരസ്പര ഐക്യത്തോടെ പ്രവർത്തിക്കും. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇരുവിഭാഗവും പ്രത്യേകം പരിശീലനം നൽകാനും തീരുമാനമായിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിച്ചാവും ഈ പ്രവർത്തനങ്ങളും. വിദേശകാര്യ മന്ത്രാലയത്തിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറി മഹാവീർ സാങ്‌വിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.

യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗത്തിലെ സുരക്ഷ പോളിസികളുടെ ഡയറക്ടർ പവാൽ ബെർസിൻസ്കിയാണ് യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. 2018 ൽ ബ്രൂസെല്ലിലാണ് അടുത്ത യോഗം നടക്കുക. തീയ്യതി പിന്നീട് നിശ്ചയിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ