ഓസ്‌ലോ: സമാധാനത്തിനുള്ള 2019 ലെ നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ അലി സ്വീകരിച്ച നിലപാടുകള്‍ പരിഗണിച്ചാണു പുരസ്‌കാരം.

സമാധാനവും രാജ്യാന്തര സഹകരണവും കൈവരിക്കാന്‍ നടത്തിയ, പ്രത്യേകിച്ച് ഏത്യോപ്യയുമായി നിലനിന്നിരുന്ന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണു പുരസ്‌കാരമെന്നു ജൂറി വിലയിരുത്തി. എറിത്രിയയുമായി തമ്മില്‍ രണ്ടു പതിറ്റാണ്ടിലേറെ നിലനിന്ന അതിര്‍ത്തി സംഘര്‍ഷത്തിന് അലി എത്യോപ്യയുടെ പ്രധാനമന്ത്രിയായതോടെയാണു പരിഹാരമായത്.

നാല്‍പ്പത്തി മൂന്നുകാരനായ അബി അഹമ്മദ് അലി 2018 ഏപ്രിലിലാണ് എത്യോപ്യയുടെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ അദ്ദേഹം എറിത്രിയയുമായി സമാധാനക്കരാറിലെത്തി.

Read Also: ഓൾഗ തൊകാർചുക്കിനും പീറ്റർ ഹൻഡ്കെയ്ക്കും സാഹിത്യ നൊബേൽ

സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 2018, 19 വർഷങ്ങളിലെ പുരസ്കാരങ്ങൾ സ്വീഡിഷ് അക്കാദമി ഒന്നിച്ചാണു പ്രഖ്യാപിച്ചത്. ഓസ്ടേലിയൻ എഴുത്തുകാരനായ പീറ്റർ ഹൻഡ്കെയാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്. 2018 ലെ പുരസ്കാരം പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർചുക്കിനു ലഭിച്ചു.

ലൈംഗികാരോപണങ്ങളുടെയും സാമ്പത്തിക അഴിമതികളുടെയും പശ്ചാത്തലത്തിൽ സാഹിത്യത്തിനുളള നൊബേല്‍ സമ്മാനം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നില്ല. 2018 ലെ പുരസ്‌കാരം 2019ല്‍ നല്‍കുമെന്നാണ് അക്കാദമി അറിയിച്ചത്. ‘മീ ടൂ’ ക്യാംപെയിനെത്തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളാണ് അക്കാദമിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.

ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബേൽ മൂന്ന് ശാസ്ത്രജ്ഞന്മാർക്ക് ലഭിച്ചു. ടെക്സസ് സർവകലാശാലയിലെ ജോൺ ബി. ഗുഡ്നോഫിനും സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ എം.സ്റ്റാൻലി വൈറ്റിംഗ്ഹാമിനും ജപ്പാനിലെ മെജോ സർവകലാശാലയിലെ അകിര യോഷിനോ എന്നിവരാണ് പുരസ്കാരം പങ്കുവച്ചത്. ലിഥിയം അയൺ‌ ബാറ്ററികളുടെ വികസനത്തിന് നൽകിയ സംഭാവനകളാണ് മൂവരെയും പുരസ്കാരത്തിന് അർഹാരാക്കിയത്.

വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്കാരം. കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook