ന്യൂഡല്‍ഹി: നെയ്‌റോബിയിലേക്ക് പറന്ന എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യാക്കാരും. വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 149 പേരില്‍ നാല് പേര്‍ ഇന്ത്യാക്കാരാണെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് അറിയിച്ചു. നാല് ഇന്ത്യാക്കാരില്‍ ഒരാള്‍ യുഎന്‍ ഉദ്യോഗസ്ഥയാണ്.

യുഎന്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗ, വൈദ്യ പനഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അന്നഗേഷ്, നുകവര്‍പു മനീഷ എന്നിവരാണ് കൊല്ലപ്പെട്ട നാല് ഇന്ത്യക്കാര്‍. ഞായറാഴ്ച എത്യോപ്യന്‍ തലസ്ഥാനമായ ആഡിഡ് അബാബയില്‍ നിന്ന് കെനിയയിലെ നെയ്‌റോബിയിലേക്ക് പോകുകയായിരുന്ന ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്.

157 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത്, നെതർലൻഡ്സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേൽ, ബെൽജിയം, യുഗാൺഡ, യെമെൻ, സുഡാൻ, ടോഗോ, മൊസാംബിക്ക്, നോർവേ എന്നിവിടങ്ങളിൽനിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനമറിയിക്കുന്നുവെന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിന്റെ ഓഫീസ് ട്വിറ്ററിൽ പറഞ്ഞു.

പ്രാദേശിക സമയം 8.38 നാണ് വിമാനം ബൊലേ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും പുറപ്പെട്ടത്. ആറു മിനിറ്റിനകം വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്ന് എത്യോപ്യൻ എയർലൈൻസ് അധികൃതർ വ്യക്തമാക്കി. 10.25 നാണ് വിമാനം നെയ്റോബിയിൽ ഇറങ്ങേണ്ടിയിരുന്നത്. വിമാനത്തിൽനിന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് എത്യോപ്യൻ എയർലൈൻസ് സ്ഥിരീകിരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook