ഭോപ്പാൽ: പാക്കിസ്ഥാൻ ചാരസംഘടനയ്ക്കു വേണ്ടി പ്രവർത്തിച്ചവരെന്നു സംശയിക്കുന്ന 11 പേരെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയതായി മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്). പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സംശയം. മൂന്നു മാസം മുൻപ് ജമ്മു കശ്മീരിലെ ആർഎസ് പുര സെക്ടറിൽനിന്നും രണ്ടുപേരെ പിടികൂടിയിരുന്നു.
മധ്യപ്രദേശിലെ ഗോളിയാർ, ജബൽപൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽനിന്നായാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്, ഡാറ്റാ കാർഡ് തുടങ്ങിയവ പിടിച്ചെടുത്തു. ഇന്ത്യൻ സേനയുടെ രഹസ്യങ്ങൾ ഐഎസ്ഐയ്ക്ക് ചോർത്തി നൽകിയവരാണ് പിടിയിലായതെന്നു എടിഎസ് അറിയിച്ചു.
എടിഎസ് മേധാവി സഞ്ജീവ് ഷാമിയാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ച് അതിന്റെ മറവിലാണ് ഇവർ പാക്കിസ്ഥാന് വിവരങ്ങൾ കൈമാറിയിരുന്നതെന്ന് സഞ്ജീവ് ഷമി പറഞ്ഞു. ഗോളിയാറിൽനിന്നും അഞ്ചുപേരും ഭോപ്പാലിൽനിന്നും മൂന്നുപേരും ജബൽപൂരിൽനിന്നും രണ്ടുപേരും സാത്നയിൽനിന്നും ഒരാളുമാണ് പിടിയിലായത്. സാത്നയിൽനിന്നും പിടിയിലായ ബെൽറാമാണ് സംഘത്തിന്റെ തലവൻ. ബെൽറാമിന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലായിട്ടാണ് ഐഎസ്ഐ പണം നിക്ഷേപിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.