മുംബൈ: മുംബൈയിലെ ഡോ.ആർ.എൻ.കൂപ്പർ ആശുപത്രിയുടെ മോർച്ചറിയുടെ മുന്നിൽ പ്ലാസ്റ്റിക്ക് കവർ പൊട്ടിക്കാത്ത ചവിട്ടിയും പിടിച്ചു നിന്ന് കൊണ്ട് രാജേഷ് യാദവ് പറഞ്ഞു,” എനിക്ക് ഇതല്ലാതെ മറ്റൊന്നും അവളുടെ മൃതദേഹം പൊതിയാൻ കിട്ടിയില്ല”. തിങ്കളാഴ്ച മുംബൈയിലെ മറോളിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ആശുപത്രിയിൽ സംഭവിച്ച പൊട്ടിത്തെറിയിൽ മരണപ്പെട്ട രണ്ടു വയസുകാരിയുടെ പിതാവാണ് രാജേഷ് യാദവ്. എട്ട് പേരാണ് പൊട്ടിത്തെറിയിൽ മരിച്ചത്.
സ്കൈഗൂർമെന്റ് കാറ്ററിങ്ങിൽ പാചകക്കാരനായ രാജേഷ് തിങ്കളാഴ്ച വൈകുന്നേരം മുതൽ വിവിധ ആശുപത്രിയിലേക്കുള്ള ഓട്ടത്തിലാണ്. കൂപ്പർ ആശുപത്രിയിലാണ് രാജേഷിന്റെ സഹോദരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജേഷിന്റ ഭാര്യയെ സെവൻ ഹിൽസ് ആശുപത്രിയിലാണ് അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. അപകടത്തെ തുടർന്ന് രക്ഷിതാക്കളുടെ അടുത്ത് നിന്ന് വേർപ്പെട്ട കുഞ്ഞിനായുള്ള അന്വേഷണത്തിലായിരുന്നു രാജേഷ്.
ചൊവ്വാഴ്ച വെളുപ്പിന് ഒരു മണിക്കാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് രാജേഷിനെ അറിയിക്കുന്നത്. ഹോളി സ്പിരിറ്റ് ആശുപത്രിയിൽ എത്തിയപ്പോൾ കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം രാജേഷ് കണ്ടത്. നഴ്സ് പറഞ്ഞത് നാലാം നിലയിലെ കട്ടിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ്, അതിനടുത്താണ് രാജേഷിന്റെ ഭാര്യയും സഹോദരിയും കുഴഞ്ഞു വീണു കിടന്നത്. ഫൊറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടത് പുകയേറ്റാണെന്നാണ്.
തീ പടർന്നപ്പോൾ കുട്ടിയുടെ അമ്മ രുക്മണിയുടെ കൈയ്യിലായിരുന്നു കുട്ടി, ഇരുവരും കുട്ടിയെ ചേർത്ത് പിടിച്ചിരുന്നു. എന്നാൽ രണ്ടുപേരും പുകയേറ്റ് കുഴഞ്ഞു വീണു എന്നാണ് രാജേഷിന്റെ അമ്മാവൻ രാം പ്രസാദും, നഴ്സുമാരും പറഞ്ഞത്. തീപിടിച്ചപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന പലരും ആശുപത്രിയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു, എന്നാൽ കുട്ടി കൂടെയുള്ളതിനാലായിരിക്കണം രാജേഷിന്റെ സഹോദരിയും, ഭാര്യ രുക്മണിയും അതിന് ശ്രമിച്ചില്ല. കറുത്ത പുക പടർന്നതിലാകാം കുട്ടിയെ കണ്ടെത്താനാകാഞ്ഞതെന്നും രാജേഷിന്റെ അമ്മാവൻ പറഞ്ഞത്.
നാലു വർഷം മുമ്പാണ് രാജേഷും രുക്മണിയും വിവാഹിതരായത്. മാസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. കിഡ്ണി സ്റ്റോൺ ചികിത്സയ്ക്ക് വേണ്ടിയാണ് രുക്മണി ഡിസംബർ 14ന് ആശുപത്രിയിലെത്തിയത്.
എല്ലാ ദിവസവും രാവിലെ കുട്ടിയെ ഭക്ഷണം നൽകുന്നതിനായി ആശുപത്രിയിൽ അമ്മയുടെ അടുത്ത് ആക്കിയതിന് ശേഷം ജോലിക്ക് പോകും. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകുമെന്നാണ് രാജേഷ് പറഞ്ഞത്. അലഹാബാദ് സ്വദേശിയായ രാജേഷ് 10 വർഷം മുമ്പാണ് മറോളിൽ എത്തിയത്.
തിങ്കളാഴ്ച 11 മണിക്ക് ആശുപത്രിയിലെത്തിയ ശേഷം രാജേഷ് ജോലിക്കായി മടങ്ങി. വൈകിട്ട് ആറരയോടെയാണ് കൂപ്പർ ആശുപത്രിയിലെ ഡോക്ടർ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പറഞ്ഞ് ഫോൺ വിളിക്കുന്നത്. ആദ്യം കൂപ്പറിലേക്ക് പാഞ്ഞ രാജേഷ് പിന്നീട് ഇഎസ്ഐസി ആശുപത്രിയിലേക്ക് പാഞ്ഞു, പിന്നീടാണ് രുക്മണിയെ ബോധരഹിതയായ നിലയിൽ സെവൻ ഹിൽസിൽ കണ്ടെത്തിയത്.
ബോധം വന്നയുടനെ രുക്മണി കുട്ടിയെ അന്വേഷിച്ചു, എന്നാൽ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ഇരുവരും അറിഞ്ഞിരുന്നില്ല.
രാജേഷിന്റെ സഹോദരി ഡിംപിൾ പുക ശ്വസിച്ചിരുന്നെന്നും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്നും, രുക്മണിയും അപകടനില തരണം ചെയ്തെന്നും കുട്ടിയുടെ മരണ വാർത്ത രുക്മണിയെ അറിയിച്ചെന്നും കൂപ്പർ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടന്റ് രാജേഷ് സുഖ്ദേവ് പറഞ്ഞു.