ന്യൂയോർക്ക്: അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിൽ ഐക്യരാഷ്ട്ര സംഘടന. ചെലവുകൾ ചുരുക്കുന്നതിനായി എസ്‌കലേറ്ററുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും യോഗങ്ങളും ചർച്ചകളും റദ്ദാക്കുകയും ഔദ്യോഗിക യാത്രകൾ പരിമിതപ്പെടുത്തുകയും ചെയ്തു. എയർ കണ്ടീഷൻ, ഹീറ്റർ എന്നിവയുടെ ഉപയോഗം കുറച്ചു. 1952ൽ യുഎൻ ആസ്ഥാനമന്ദിരത്തിന്റെ പുറത്ത് യുഎസ് സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച ജലധാര അടച്ചിടുകയും ചെയ്തു.

ഒരു ദശാബ്ദത്തിനിടെ ഐക്യരാഷ്ട്ര സഭ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്. ഈ അവസ്ഥ നേരിടുന്നതിനും തരണം ചെയ്യുന്നതിനുമായി ലോകത്തൊട്ടാകെയുള്ള യുഎൻ ഓഫീസുകളിൽ ഇത്തരം നടപടികൾ തിങ്കളാഴ്ച മുതൽ നടപ്പിലാക്കാൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉത്തരവിട്ടു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടിയന്തര നടപടികൾ തുടരുമെന്നും ഇത് ജോലി സാഹചര്യങ്ങളെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കുമെന്നും അദ്ദേഹം എല്ലാ യുഎൻ സ്ഥാപനങ്ങളുടെയും തലവന്മാർക്ക് അയച്ച കത്തിൽ പറഞ്ഞു.

130 കോടി ഡോളർ (9,165 കോടി രൂപ) ഇപ്പോൾ കുടിശികയായി കിട്ടാനുണ്ട്. ഇതുമൂലം സെപ്റ്റംബർ അവസാനം 23 കോടി ഡോളർ (1622 കോടിയോളം രൂപ) കുറവുണ്ട്. 2018–19 ൽ 540 കോടി ഡോളർ (38,070 കോടിയോളം രൂപ) ആയിരുന്നു യുഎൻ ബജറ്റ്. 65 രാജ്യങ്ങൾ ഇനിയും ബജറ്റ് വിഹിതം നൽകാനുണ്ട്. ഇന്ത്യയുടെ വിഹിതമായ 163 കോടി രൂപ കഴിഞ്ഞ ജൂണിൽ നൽകിയിരുന്നു.

“പതിവ് ബജറ്റ് സമീപ വർഷങ്ങളിലേതിനെക്കാൾ കടുത്ത പണലഭ്യത പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഓരോ വർഷവും സ്ഥിതിഗതികൾ മുമ്പത്തെ വർഷത്തേക്കാൾ ഭയാനകമായിത്തീരുന്നു,” യുഎൻ മാനേജ്‌മെന്റ് മേധാവി കാതറിൻ പൊള്ളാർഡ് വെള്ളിയാഴ്ച ജനറൽ അസംബ്ലിയുടെ ബജറ്റ് കമ്മിറ്റിയെ അറിയിച്ചു. “വർഷത്തിന്റെ തുടക്കത്തിൽ സംഭവിക്കുന്ന ധനക്കമ്മി, കൂടുതൽ കാലം നീണ്ടുനിൽക്കുകയും കൂടുതൽ ശക്തമായി ബാധിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

തുടർച്ചയായ രണ്ടാം വർഷവും എല്ലാ പതിവ് ബജറ്റ് കരുതൽ ശേഖരങ്ങളും തീർന്നുവെന്നും ചെലവ് വെട്ടിച്ചുരുക്കുന്നതിനായുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

2019 ബജറ്റ് ചെലവിനുള്ള തുകയിൽ 70% മാത്രമേ അംഗരാജ്യങ്ങൾ നൽകിയിട്ടുള്ളുവെന്ന് പൊള്ളാർഡ് പറഞ്ഞു. കഴിഞ്ഞ വർഷം ഇത് 78 ശതമാനമായിരുന്നു. കുടിശ്ശിക അടയ്ക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ രാജ്യങ്ങൾക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നും പൊള്ളാർഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook