ന്യൂഡല്‍ഹി: പിഎഫ് നിക്ഷേപത്തിന്റെ 2022–23 സാമ്പത്തിക വർഷത്തിലെ പലിശനിരക്ക് 8.15 ശതമാനമായി ഉയര്‍ത്തി. റിട്ടയര്‍മെന്റ് ഫണ്ട് ബോഡി എപിഎഫ്ഒയുടെ ഇന്നത്തെ യോഗത്തിലാണ് തീരുമാനം.
2021-22 വര്‍ഷത്തില്‍ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.1 ശതമാനമായിരുന്നു. 2020-21 വര്‍ഷത്തില്‍ 8.5 ശതമാനമായിരുന്നു.
2021-22 വര്‍ഷത്തിലെ പലിശനിരക്കായിരുന്നു 1977-78 (എട്ട് ശതമാനം) ലേതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.
“എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ അപെക്‌സ് ഡിസിഷൻ മേക്കിങ് ബോഡി സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) 2022-23 ലെ ഇപിഎഫിന് 8.15 ശതമാനം പലിശ നൽകാൻ തീരുമാനിച്ചു,” വ്യത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം, പുതിയ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുകയും ചെയ്യും.
ധനമന്ത്രാലയം മുഖേന കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് ശേഷം മാത്രമേ ഇപിഎഫ്ഒ പലിശ നിരക്ക് നിലവില്‍ വരികയുള്ളു.
2016-17 (8.65 ശതമാനം), 2017-18 (8.55 ശതമാനം), 2015-16 (8.8 ശതമാനം) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ പലിശ നിരക്കുകള്‍.